ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ബിജെപി വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ- ആക്‌സിസ് മെെ ഇന്ത്യ. സംസ്ഥാനത്തെ സിംഹഭാഗം നിയമസഭാ സീറ്റുകളിലും ബിജെപി വിജയിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് ഇക്കുറി ഒന്നു മുതൽ നാല് വരെ സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളൂ എന്നും ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു.
60 നിയമസഭാ സീറ്റുകളാണ് അരുണാചൽ പ്രദേശിൽ ഉള്ളത്. ഇതിൽ 44 മുതൽ 51 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യ വ്യക്തമാക്കുന്നത്. 2019 ലെ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്. ഇക്കുറി മൂന്ന് മുതൽ 10 വരെ അധിക സീറ്റുകളുടെ നേട്ടമാണ് ബിജെപി ഉണ്ടാക്കുക. നിലവിൽ തന്നെ 10 സീറ്റുകളിൽ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നാഷണൽ പീപ്പിൾസ് പാർട്ടി രണ്ട് മുതൽ ആറ് സീറ്റുകളിൽ വരെ വിജയിക്കുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മറ്റ് പാർട്ടികൾക്ക് രണ്ട് മുതൽ ആറ് വരെ സീറ്റുകൾ ലഭിക്കുമെന്നും പ്രവചനമുണ്ട്.
അരുണാചൽ പ്രദേശിൽ ആകെ വോട്ടുകളിൽ 52 ശതമാനം വോട്ടുകൾ ബിജെപി സ്വന്തമാക്കും. 17 ശതമാനം വോട്ടുകൾ ആകും എൻപിപിയ്ക്ക് ലഭിക്കുക. കേവലം എട്ട് ശതമാനം വോട്ടുകൾ മാത്രമാകും കോൺഗ്രസ് ലഭിക്കുക എന്നും ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു.
Discussion about this post