മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്ന് സൂചന.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൊന്നും രാഹുല്‍ പങ്കെടുത്തിരുന്നില്ല. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നിരവധി വട്ടം ചര്‍ച്ചകള്‍ നടന്നപ്പോഴും അതിലൊന്നും രാഹുല്‍ ഉള്‍പ്പെട്ടിരുന്നില്ല. ആ സമയത്ത് വിദേശത്തായിരുന്നു രാഹുല്‍.
ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തില്‍ രാഹുല്‍ പിന്നീടും പ്രതികരണങ്ങളൊന്നും നടത്തിയില്ല.
നിര്‍ണായക യോഗങ്ങളില്‍ പങ്കെടുത്തതുമെല്ലാം സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഹമ്മദ് പട്ടേലും കെ.സി വേണുഗോപാലും എ.കെ ആന്റണിയും ഉള്‍പ്പെട്ടവരായിരുന്നു.
ഒടുവില്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് മഹാരാഷ്ട്ര വിഷയത്തെ കുറിച്ച് രാഹുല്‍ ഒരു തവണ സംസാരിച്ചത്.ലോക്സഭ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കവേ ചോദ്യോത്തരവേളയിലാണ് രാഹുല്‍ തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.
ചോദ്യോത്തരവേളയില്‍ എഴുന്നേറ്റുനിന്ന രാഹുല്‍ ഗാന്ധി ‘ഞാന്‍ ഇന്ന് ഇവിടെ ചോദ്യം ചോദിക്കാനാണ് എത്തിയത്. എന്നാല്‍ ഇന്ന് ചോദ്യം ചോദിക്കുന്നതിന് ഒരു അര്‍ത്ഥവുമില്ല. കാരണം മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നു.’ എന്നുപറഞ്ഞ് തന്റെ സീറ്റില്‍ ഇരിക്കുകയായിരുന്നു.
Discussion about this post