കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ തൂമ്പകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ക്രൂരമായി ബലാത്സംഗം ചെയ്തശേഷമെന്ന് പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
തൂമ്പ കൊണ്ട് തലയ്ക്കടിച്ച് അബോധാവസ്ഥയിലാക്കിയശേഷം യുവതിയെ വലിച്ചിഴച്ച് ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തതെന്നാണ് പോലീസിന്റെ പ്രഥാമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. പത്തിലേറെ തവണ തൂമ്പ കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കിയതിനു ശേഷമാണ് അസം സ്വദേശിയായ ഉമര്‍ സംഭവ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് യുവതിയെ പെരുമ്പാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ കടമുറിക്ക് മുന്നില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് നാടോടി യുവതിയാണെന്നായിരുന്നു ആദ്യം പോലീസിന്റെ സംശയമെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുറുപ്പംപടി സ്വദേശിയാണ് മരിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമയി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഇതരസംസ്ഥാന തൊഴിലാളിയായ അസം സ്വദേശി ഉമര്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ നല്കിയ അസമിലെ വിലാസം ശരിയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. മറ്റൊരു കേസിന്റെ അന്വേഷണത്തിനായി നിലവില്‍ അസമിലുള്ള പോലീസ് സംഘത്തിന്റെ സഹായത്തോടെ ഇയാളുടെ വിലാസം അടക്കമുള്ളവ സ്ഥിരീകരിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.
Discussion about this post