തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി ഏറ്റെടുക്കാനുള്ള ശേഷിക്കുന്ന ഭൂമിയുടെ വില സംബന്ധിച്ച് ഉടമസ്ഥരുമായി വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു തീരുമാനമായത്. വ്യാഴാഴ്ചത്തെ യോഗത്തില്‍ വില സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് യോഗത്തിനു ശേഷം തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. തുറമുഖത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ പാറകള്‍ക്കായി ക്വാറികള്‍ കണ്ടെത്താനും യോഗം തീരുമാനിച്ചു. പാറകള്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്യസംസ്ഥാനത്തേക്ക് പാറകള്‍ കൊണ്ടുപോവാന്‍ തമിഴ്നാട് സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല.
റിസോര്ട്ടുടമകളുടേത് അടക്കം 30.62 ഏക്കര്‍ ഭൂമിയാണ് പദ്ധതിക്കായി ഇനി ഏറ്റെടുക്കാനുള്ളത്. ഇവിടെ സെന്റിന് ഏഴര ലക്ഷം രൂപയാണ് നേരത്തെ നിശ്ചയിച്ചിരുന്ന വില. എന്നാല്‍, ഇത് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി തള്ളി. തുടര്‍ന്നാണ് 30ന് കളക്ടറുടെ അദ്ധ്യക്ഷതയില്‍ വ്യാഴാഴ്ച വീണ്ടും യോഗം ചേരുന്നത്. നേരത്തെ നിശ്ചയിച്ച വില കുറയ്ക്കുന്നതില്‍ എതിര്‍പ്പുണ്ടായാല്‍ പഴയ തീരുമാനവുമായി മുന്നോട്ടു പോകാനാണ് യോഗത്തില്‍ ധാരണയായിട്ടുള്ളത്.
Discussion about this post