കൊച്ചി: സ്വര്‍ണക്കള്ളക്കടത്തിന്റെ ആഗോള ഹബ്ബായി കേരളം മാറിയെന്ന് റിപ്പോര്‍ട്ട്. 2019 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ സംസ്ഥാനത്തൊട്ടാകെ പിടിച്ചത് 678 കിലോ സ്വര്‍ണ്ണമാണ്. ആകെ നടക്കുന്ന കള്ളക്കടത്തിന്റെ പകുതിയില്‍ താഴെ മാത്രമേ ഇതുവരൂ. കേരളത്തില്‍ തീവ്രവാദ ഫണ്ടിംഗിനടക്കം കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിക്കപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് സ്വര്‍ണക്കള്ളക്കടത്ത്. നികുതി നഷ്ടം തുടങ്ങി ഭീകരവാദ ഫണ്ടിങ്ങില്‍ വരെ എത്തി നില്ക്കുന്നു ഇത്. ഇക്കൊല്ലം ജനുവരി മുതല്‍ ഒക്ടോബര്‍ വരെ സംസ്ഥാനത്ത് പിടികൂടിയ കള്ളക്കടത്ത് സ്വര്‍ണത്തിന്റെ കണക്കും കേസുകളുടെ എണ്ണവും:
കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലും വിവിധ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനുകള്‍ക്ക് കീഴിലും നടത്തിയ ഓപ്പറേഷനുകളിലൂടെ മാത്രം 587കിലോ സ്വര്‍ണ്ണം പിടികൂടി. 133.62 കോടി രൂപയായിരുന്നു പിടികൂടിയ സ്വര്‍ണത്തിന്റെ മൂല്യം. 643 കേസുകള്‍ പത്ത് മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തു.
കൊച്ചി കസ്റ്റംസ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയതില്‍ ഇക്കൊല്ലം പിടിച്ചത് 27 കോടി രൂപ മൂല്യമുള്ള 89 കിലോയിലധികം സ്വര്‍ണമാണ്. 300 കേസുകള്‍ നെടുമ്പാശ്ശേരിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളത്തിലേക്ക് കടത്തുന്ന സ്വര്‍ണത്തില്‍ പകുതിയില്‍ താഴെ മാത്രമേ ഏജന്‍സികള്‍ക്ക് പിടികൂടാന്‍ സാധിക്കാറുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നു. തൃശ്ശൂര്‍ കള്ളക്കടത്ത് സ്വര്‍ണം സൂക്ഷിക്കുന്ന ഹബ്ബായി മാറുമ്പോള്‍ തമിഴ്നാട്ടിലെ വിവിധ നഗരങ്ങളില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണം റോഡ്, റെയില്‍ മാര്‍ഗ്ഗങ്ങളിലൂടെ എത്തുന്നുവെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഭീകരവാദ ഫണ്ടിംഗിനടക്കം കള്ളക്കടത്ത് സ്വര്‍ണ്ണം ഉപയോഗിക്കപ്പെടുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്.
Discussion about this post