മുംബൈ: മഹാരാഷ്ട്രയില്‍ കോടികള്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളി സഹോദരങ്ങള്‍ അറസ്റ്റില്‍. ഗുഡ്‌വിന്‍ ജ്വല്ലറി ഉടമകളായ സുനില്‍കുമാറും സുധീഷ് കുമാറുമാണ് പൊലീസ് പിടിയിലായത്. കോടതിയില്‍ കീഴടങ്ങാന്‍ വരും വഴിയാണ് താനെ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതികളെ പിടികൂടിയത്.
സ്വര്‍ണക്കടകളുടെ മറവില്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് മാസചിട്ടിയായും സ്ഥിരം നിക്ഷേപമായും പണം സ്വീകരിച്ച ശേഷം വഞ്ചിച്ചെന്നാണ് ഗുഡ്‌വിന്‍ ഗ്രൂപ്പിനെതിരായ പരാതി. ഒരു ലക്ഷം രൂപ മുതല്‍ രണ്ട് കോടി രൂപവരെ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്.
പണം കിട്ടാതായതോടെ നിക്ഷേപകര്‍ പ്രശ്‌നമുണ്ടാക്കിത്തുടങ്ങിയപ്പോള്‍ മൂന്ന് മാസം മുന്‍പ് കടകളെല്ലാം പൂട്ടി പ്രതികള്‍ മുങ്ങി. ജ്വല്ലറികളിലെ സ്വര്‍ണമെല്ലാം മാറ്റിയ ശേഷമാണ് പ്രതികള്‍ മുങ്ങിയതെന്ന് അന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ മുംബൈയിലും താനെയിലും പൂനെയിലും തുടങ്ങി ജ്വല്ലറിക്ക് ശാഖകളുള്ള ഇടങ്ങളിലെല്ലാം ആയിരിക്കണക്കിനാളുകള്‍ പരാതിയുമായെത്തി.
താനെയില്‍ മാത്രമായി 25 കോടിയിലധികം തട്ടിപ്പ് നടത്തിയെന്നാണ് ഔദ്യോഗിക കണക്ക്. സഹോദരങ്ങളെ തിരഞ്ഞ് മുംബൈ പൊലീസ് കേരളത്തിലും എത്തിയിരുന്നു. ഒളിവിലാണെങ്കിലും സ്ഥാപനത്തെ തകര്‍ക്കാന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്ന വീഡിയോ സന്ദേശം ഇടയ്ക്കിടെ ഇരുവരും പുറത്ത് വിട്ടിരുന്നു.
അതേസമയം കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമല്ലെന്ന് ആരോപിച്ച് പണം നഷ്ടമായവര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post