ചുറ്റോടു ചുറ്റും ശത്രുക്കളുമായി ജീവിക്കാന്‍ ഭാഗ്യം ചെയ്ത ഒരു നാടാണ് നമ്മുടേത്…! രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ നല്ലൊരു പങ്കും പ്രതിരോധരാജ്യരക്ഷാരംഗത്ത് ചെലവാക്കിയിട്ടും തീവ്രവാദികള്‍ കൂളായി വന്നാണ് നഗരങ്ങളില്‍ ദീപാവലി ആഘോഷിക്കുന്നത്..!! ശിക്ഷാനിയമങ്ങളുടെ കാഠിന്യവും ദൃഡതയും നന്നായി അറിയാവുന്നത് കൊണ്ടാവും ഇവിടെ കുറ്റവാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നത്..! ജനിച്ചു വീഴുന്ന പിഞ്ചുകുഞ്ഞിനു വരെ സ്വന്തം ജനനേന്ദ്രിയം മറച്ചു പിടിക്കേണ്ട അവസ്ഥ വേറെ ഒരു രാജ്യത്തും ഉണ്ടാവില്ല..!! ഇവിടെ ആകെയുള്ള ഒരു ഈര്‍ക്കിലിയാണ് വധശിക്ഷ എന്ന നിയമം..!! അതുകൂടി ഒടിച്ചുകളഞ്ഞു ശിക്ഷാനിയമം പൂര്‍ണമായും രക്തരഹിതമാക്കണം എന്നൊക്കെ വാദിക്കാന്‍ ഒരു രസമാണ്..!
ചില ആളുകളുടെ ജന്മം അങ്ങനെയാണ്.. ജീവിച്ചിരിക്കുമ്പോള്‍ അവരവര്‍ക്കോ നാട്ടുകാര്‍ക്കോ ചീത്തപ്പേരല്ലാതെ മറ്റൊന്നും ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റില്ല.. പക്ഷെ ഇവരുടെ മരണം പലതിന്റെയും തുടക്കമാകും..മരണശേഷം ഇവരെ മറ്റുള്ളവര്‍ ഏറ്റെടുക്കും. പല മഹാന്മാര്‍ക്കും ഇവരുടെ ജീവിതം ചിന്തകള്‍ക്കും വിചിന്തനത്തിനും ഉള്ള പ്രചോദനമാകും.! ഇവരുടെ ജീവിതചരിത്രം കടഞ്ഞുകടഞ്ഞ് മാലിന്യങ്ങളൊക്കെ പുറത്താക്കി നല്ല അസ്സല്‍ അമൃതാക്കി മാറ്റാന്‍ കെല്‍പ്പുള്ളവര്‍ നമ്മുടെ സമൂഹത്തിലുണ്ട്..
യാക്കൂബ് മേമന്‍ എന്ന നിരപരാധി തൂക്കുമരത്തിലൂടെ സുബര്‍ക്കത്തിലെയ്ക്ക് പോയപ്പോള്‍ രാജ്യത്ത് സംഭവിച്ചതും ഇതൊക്കെത്തന്നെയാണ്.. മേമന്റെ ദയാഹര്‍ജ്ജി രാഷ്ട്രപതി തള്ളിയശേഷമാണ് പലര്‍ക്കും ഈ കാര്യത്തില്‍ പുനര്‍വിചിന്തന ലക്ഷണം കണ്ടുതുടങ്ങിയത് എന്നതാണ് മേമനെ സംബന്ധിച്ചിടത്തോളം ഭാഗ്യക്കേടായിപ്പോയത്..
വധശിക്ഷ കൊണ്ട് തീവ്രവാദം ഇല്ലാതാക്കാന്‍ സാധിക്കുമോ എന്നാണു മുഖ്യപ്രതിപക്ഷ കക്ഷിയിലെ 44 പോരാളികളില്‍ ഒരാളായ ശശി തരൂരിന് ചിന്ത ഉണ്ടായത്..!! വളരെ കൃത്യമായ നിരീക്ഷണം.. ചാവും എന്ന് പേടിച്ച് ഒരു തീവ്രവാദിയും ബോംബ് വയ്ക്കാതിരുന്നിട്ടില്ല.. ചാവേറുകള്‍ എന്ന കൂട്ടം ഉള്ളപ്പോള്‍ വധശിക്ഷ എന്ന വള്ളിച്ചൂരലിനു എന്ത് ചെയ്യാന്‍ സാധിക്കും എന്ന് ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. പക്ഷെ കുറച്ചുകൂടി വിശാലമായി ശിക്ഷ കൊണ്ട് തീവ്രവാദം ഇല്ലാതാക്കാന്‍ സാധിക്കുമോ എന്ന് കൂടി ചിന്തിച്ചുകൂടെ സാര്‍..? പിടിച്ചു ജയിലിലിടും എന്ന് കേട്ട് ഏതെങ്കിലും തീവ്രവാദി പൊട്ടിയ്ക്കാന്‍ കൊണ്ടുവന്ന ബോംബും വലിച്ചെറിഞ്ഞു ഓടിരക്ഷപ്പെട്ടതായി ഏതെങ്കിലും രാജ്യ ചരിത്രത്തില്‍ പറഞ്ഞിട്ടുണ്ടോ..? അരയ്ക്ക് ചുറ്റും ബോംബും വെച്ച് കയ്യില്‍ മെഷീന്‍ ഗണ്ണുമായി ആള്‍ക്കൂട്ടത്തിലേയ്ക്ക് ഓടിവരുന്ന തീവ്രവാദിയുടെ അടുത്ത് ചെന്ന്, ‘മര്യാദയ്ക്ക് ഓടി രക്ഷപ്പെട്ടില്ലേല്‍ നിന്നെപ്പിടിച്ച് ജീവപര്യന്തം തടവിലിടും’ എന്ന് പറഞ്ഞാല്‍ ആ പറയുന്നവന് മരണാനന്തര ബഹുമതി കൊടുക്കുക എന്നല്ലാതെ വേറെ വല്ലതും നടക്കുമോ സാര്‍..? അതുകൊണ്ട് തീവ്രവാദത്തിനു ശിക്ഷയേ വേണ്ട എന്നായിരിക്കണം പുതിയ നിയമം.. പകരം അവരെ പരമാവധി പ്രോത്സാഹിപ്പിക്കണം..എവിടെയെങ്കിലും ബോംബ് സ്‌ഫോടനത്തിനു തീവ്രവാദികള്‍ പദ്ധതിയിടുന്നു എന്ന് കേട്ടാല്‍ ഉടനേ ആ പ്രദേശത്ത് പോലീസിനെ വിന്യസിക്കണം.. ബോംബ് സ്ഥാപനത്തിന് വരുന്ന തീവ്രവാദികള്‍ക്ക് ഏതെങ്കിലും തടസ്സം ഉണ്ടാക്കുന്നവനെയൊക്കെ ലാത്തിയ്ക്ക് പൂശി അകത്തിടണം.. അവരെ ഭീകരവിരുദ്ധ നിയമം പ്രകാരം അറസ്റ്റ് ചെയ്ത് തുറുങ്കിലിടണം..അതിനു വേണ്ടി ഭീകരവിരുദ്ധം = ഭീകരര്‍ക്ക് എതിരായുള്ള പ്രവൃത്തികള്‍ എന്ന് നിയമം നിര്‍വചിക്കണം.. ബോംബ് വയ്ക്കുന്ന തീവ്രവാദികള്‍ക്ക് ആവശ്യമായ വെള്ളം, വെളിച്ചം, വൈദ്യുതി, ലഘുഭക്ഷണം എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ വിതരണം ചെയ്യണം..ബോംബ് ഫിറ്റ് ചെയ്യുന്നതില്‍ അവര്‍ക്ക് എന്തെങ്കിലും സംശയം ഉണ്ടാവുന്നു എങ്കില്‍ സര്‍ക്കാര്‍ സേനയിലെ ബോംബ് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കണം..ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടെ ഏതെങ്കിലും ഒരു തീവ്രവാദി മരണപ്പെട്ടാല്‍ അവന്റെ പതിനഞ്ചു തലമുറകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം.. ഇങ്ങനെ നിയമം വന്നാല്‍പ്പിന്നെ മേലില്‍ ഒരു തീവ്രവാദിയും നാണിച്ച് ഇമ്മാതിരി പണിയ്ക്ക് ഇന്ത്യയിലേയ്ക്ക് വരില്ല..!ബോംബ് വയ്ക്കാന്‍ സൌകര്യത്തിനു ശത്രുക്കള്‍ ടോര്‍ച്ച് തെളിച്ചു കൊടുക്കുന്ന ഒരു അന്തരീക്ഷത്തില്‍ തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ നാണവും മാനവുമുള്ള ഏതെങ്കിലും ഒരു തീവ്രവാദി തയ്യാറാകുമോ..?
മേമനെ തൂക്കാനുള്ള വിധി നീതിയുക്തമല്ല എന്നാണു രണ്ടാംജനുസ്സ് മാനവികരില്‍പ്പെട്ട യെച്ചൂരി സഖാവിനു ചിന്ത ഉണ്ടായത്..! മേമനെ തൂക്കാന്‍ 2003 ല്‍ ടാഡാ കോടതി പുറപ്പെടുവിച്ച വിധി നീതിയുക്തമല്ല എന്ന് അന്നത്തെ മാനവികമഹാന്മാര്‍ക്ക് തോന്നിയിരുന്നെങ്കില്‍ ഒരുപക്ഷെ മേമന്‍ ഇപ്പോഴും ബിരിയാണിയൊക്കെത്തിന്ന് നമ്മുടെ കൂടെ ഉണ്ടായേനെ..!! കാരണം മഹാന്മാര്‍ പിന്തുണച്ച ഭരണമായിരുന്നല്ലോ 2004 മുതല്‍ രാജ്യത്ത് നടമാടിയത്..പക്ഷെ അന്നൊന്നും അത് തോന്നിയില്ല..!! തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നുകയില്ല എന്നതാണ് ഈ രണ്ടാം മഹാന്‍ജനുസ്സിന്റെ പ്രത്യേകത..നാളെ തിരുത്താന്‍ വേണ്ടി ഇന്ന് കുരുത്തക്കേട് ചെയ്യുക എന്നതാണ് അടിസ്ഥാനനയം തന്നെ.. അപ്പോള്‍പ്പിന്നെ എങ്ങനെ ദീര്‍ഘവീക്ഷണത്തോടെ ഒരു കാര്യം ചെയ്യാന്‍ പറ്റും..? അത് ആശയവിരുദ്ധമായിപ്പോകില്ലേ..?
രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നതിലെ സമത്വരാഹിത്യമാണ് രണ്ടാം ജനുസ്സിലെ മുന്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സഖാവിനു ചിന്തയില്‍ തെളിഞ്ഞു വന്നത്.. രാജ്യത്ത് അവസാനം നടപ്പാക്കിയ മൂന്നു വധശിക്ഷകളിലെ ഗുണഭോക്താക്കള്‍ ഒരു പ്രത്യേകസമുദായം ആണ് എന്നാണു സഖാവ് കണ്ടെത്തിയത്..!ഈ അസന്തുലിതാവസ്ഥ മറികടക്കുവാന്‍ അടുത്ത അവസരം എതിര്‍സമുദായത്തിനു നല്‍കണം എന്നും അദ്ദേഹം പറഞ്ഞുവച്ചു. തൊഗാഡിയയും സാക്ഷി മഹാരാജും ഒക്കെ ഇദ്ദേഹത്തിനു ശിഷ്യപ്പെടണം..!! ഈ മേഖലയില്‍ രാജ്യത്തെ ഭൂരിപക്ഷത്തിന് അവസരം നിഷേധിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാനും അത് വിളിച്ചു പറയുവാനും വേറെ ആര്‍ക്കെങ്കിലും സാധിച്ചുവോ..!
പണ്ട് കേരള നിയമസഭയില്‍ തിരുവനന്തപുരം മൃഗശാലയിലെയ്ക്ക് പുറത്തുനിന്നു രണ്ടു ഹിപ്പോപ്പോട്ടാമസുകളെ കൊണ്ടുവരുന്ന കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ‘അതിലൊന്ന് കത്തോലിക്കനായിരിക്കണം’ എന്ന് ആവശ്യമുന്നയിച്ച ഒരു അംഗത്തിന്റെ കഥ കേട്ടിട്ടുണ്ട്..!ചര്‍ച്ചയുടെ തുടക്കത്തില്‍ മൂപ്പര്‍ നല്ല ഉറക്കമായിരുന്നതിനാല്‍ വിഷയം അറിയാതെയാണ് അദ്ദേഹത്തിന്റെ സമുദായസ്‌നേഹം പുറത്തുചാടിയത് എന്നാണു അനുഭാവിഭാഷ്യം..!! ഇവിടെ പക്ഷെ കാരാട്ട് സഖാവ് ഉറക്കപ്പിച്ചില്‍ ഒന്നുമല്ല കാര്യം പറഞ്ഞത്.. പഴയ രേഖകളും കണക്കുകളും പത്രവാര്‍ത്തകളും ഒക്കെ പരിശോധിച്ചു തന്നെയാണ് അദ്ദേഹം ഈ അസമത്വം കണ്ടെത്തിയത്..!പ്രത്യക്ഷത്തില്‍ ഹിന്ദുവിരുദ്ധം എന്ന് തോന്നുമെങ്കിലും ആഴത്തില്‍ പരിശോധിച്ചാല്‍ ഇതിലെ ഭൂരിപക്ഷവാദം തെളിഞ്ഞു തെളിഞ്ഞു വരും..!! രാജ്യത്തെ പരമോന്നതശിക്ഷാലബ്ധിയ്ക്കുള്ള അവസരം അങ്ങനെ ഒരു ന്യൂനവിഭാഗത്തിനു മാത്രമായി തീറെഴുതരുത് എന്ന് വിളിച്ചുപറയാനുള്ള ചങ്കൂറ്റം ഒരു വിശ്വഹിന്ദുനേതാവും കാണിച്ചില്ല..!! ഇദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ ചുവടു പിടിച്ച് പി.എസ്.സി മാതൃകയില്‍ ഒരു വധശിക്ഷാ കമ്മീഷന്‍ രൂപീകരിക്കണം..! വധശിക്ഷ അനുവദിക്കുന്നതില്‍ ടേണ്‍ സമ്പ്രദായം നടപ്പാക്കാം..! നൂറു വധശിക്ഷ നടപ്പാക്കുമ്പോള്‍ അതില്‍ ഇത്ര ഹിന്ദു, ഇത്ര ക്രിസ്ത്യന്‍, ഇത്ര മുസ്ലിം എന്ന് ജനസംഖ്യാനുപാതമായി നിശ്ചയിക്കണം…! പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരിഗണന കൊടുക്കണം..!! ഓഹരി കിട്ടാത്ത വിഭാഗങ്ങള്‍ക്ക് യഥാശക്തി നിവേദന സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെയോ, പ്രകടനം ഉപരോധം തുടങ്ങിയ സമരമാര്‍ഗങ്ങളിലൂടെയോ ഇത് നേടിയെടുക്കാം..!! നിശ്ചിത ടേണ്‍ പ്രകാരം ഒഴിവു വരുമ്പോള്‍ അതില്‍ അര്‍ഹരായ വിഭാഗത്തില്‍പ്പെട്ടവരില്ലെങ്കില്‍ ഒന്നുകില്‍ ഓപ്പണ്‍ ക്വാട്ട സമ്പ്രദായം നടപ്പാക്കാം അല്ലെങ്കില്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വേണ്ടി ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടു കിടക്കുന്ന സമുദായാംഗത്തിന്റെ ശിക്ഷ അപ്പ്‌ഗ്രേഡ് ചെയ്ത് അദ്ദേഹത്തിനു അവസരം നല്‍കാവുന്നതുമാണ്..!!
വധശിക്ഷകളിലെ ഈ ടേണ്‍ സമ്പ്രദായം സഖാവിന്റെ പാര്‍ട്ടിയ്ക്കും പാലിക്കാവുന്നതല്ലേ..?!! ഈ മാസം ഒരു എന്‍.ഡി.എഫ് മുസ്ലിമിനെ തട്ടിയാല്‍ അടുത്ത മാസത്തെ ക്വാട്ട ആര്‍.എസ്.എസ് ഹിന്ദുവിനായിരിക്കണം..! അടുത്ത മാസം കോണ്‍ഗ്രസ് ക്രിസ്ത്യാനിയായിക്കോട്ടേ..!! ഇതിനിടയിലെ ജാതിവിഭാഗ അനുപാതം പാര്‍ട്ടി കൃത്യമായി നിരീക്ഷിച്ച് ഉറപ്പുവരുത്തണം..!പാര്‍ട്ടി വധശിക്ഷ നടപ്പാക്കാന്‍ നിയോഗിക്കപ്പെടുന്ന സംഘങ്ങളിലും ഈ അനുപാതം ഉണ്ടാകുന്നത് നല്ലതാണ്..!അങ്ങനെയെങ്കില്‍ കോടതി വധശിക്ഷയ്ക്ക് വിധിക്കുമ്പോഴും ഈ അവസരസമത്വം ചെറിയ ഒരളവിലെങ്കിലും പാലിയ്ക്കപ്പെടും..!!
പ്രതിപക്ഷത്തു മാത്രമല്ല വിചിന്തകരുടെ ശല്യം..! മേമന്റെ വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എഴുതിയ കത്തില്‍ ഒപ്പുവയ്ക്കാന്‍ രണ്ടു ഭരണപക്ഷ സിംഗങ്ങളും ഉണ്ടായിരുന്നുവത്രേ..!! രാംജാത് മലാനിയും ശത്രുഘ്‌നന്‍ സിംഗവും..! ആദ്യത്തെ സിംഗത്തിന് സടകൊഴിയല്‍ രോഗത്തിന്റെ അസ്‌കീതയാണ് എന്ന് മനസ്സിലാക്കാം..! പക്ഷെ നിലവില്‍ എം.പി സ്ഥാനം വഹിക്കുന്ന രണ്ടാം സിംഹം ഈ വിചിന്തനം പ്രകടിപ്പിക്കല്‍ എന്തേ ഒരു ഒപ്പില്‍ ഒതുക്കിയത് എന്ന് മനസ്സിലാവുന്നില്ല.! എം.പി സ്ഥാനം വലിച്ചെറിഞ്ഞു കൊണ്ടായിരുന്നു മേമനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കേണ്ടത്..!അപ്പടിയായിരുന്നെങ്കില്‍ ഉപതെരഞ്ഞെടുപ്പിന് ബി.ജെ.പി ഒഴിച്ചുള്ള സകലപാര്‍ട്ടികളും പിന്തുണയ്ക്കുകയും ചെയ്യുമായിരുന്നു.
ചുറ്റോടു ചുറ്റും ശത്രുക്കളുമായി ജീവിക്കാന്‍ ഭാഗ്യം ചെയ്ത ഒരു നാടാണ് നമ്മുടേത്…! രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ നല്ലൊരു പങ്കും പ്രതിരോധരാജ്യരക്ഷാരംഗത്ത് ചെലവാക്കിയിട്ടും തീവ്രവാദികള്‍ കൂളായി വന്നാണ് നഗരങ്ങളില്‍ ദീപാവലി ആഘോഷിക്കുന്നത്..!! ശിക്ഷാനിയമങ്ങളുടെ കാഠിന്യവും ദൃഡതയും നന്നായി അറിയാവുന്നത് കൊണ്ടാവും ഇവിടെ കുറ്റവാളികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നത്..! ജനിച്ചു വീഴുന്ന പിഞ്ചുകുഞ്ഞിനു വരെ സ്വന്തം ജനനേന്ദ്രിയം മറച്ചു പിടിക്കേണ്ട അവസ്ഥ വേറെ ഒരു രാജ്യത്തും ഉണ്ടാവില്ല..!! ഇവിടെ ആകെയുള്ള ഒരു ഈര്‍ക്കിലിയാണ് വധശിക്ഷ എന്ന നിയമം..!! അതുകൂടി ഒടിച്ചുകളഞ്ഞു ശിക്ഷാനിയമം പൂര്‍ണമായും രക്തരഹിതമാക്കണം എന്നൊക്കെ വാദിക്കാന്‍ ഒരു രസമാണ്..!
അല്ല, വധശിക്ഷ വിധിക്കാന്‍ സാധിക്കാത്ത ഒരു ഭരണകൂടത്തിനു കീഴിലെ പോലീസിനും പട്ടാളത്തിനും എന്തിനാ മാരകശേഷിയുള്ള തോക്കുക്കളും ആയുധങ്ങളും..?!! രാജാവിനില്ലാത്ത വാള്‍ പട്ടാളത്തിനു വേണോ.. അതും ഒഴിവാക്കണ്ടേ..??!! കലാപകാരികളെ പിരിച്ചുവിടാന്‍ വെടി വയ്ക്കാന്‍ പോലീസിനു അധികാരമുണ്ടോ.?!! കൊല്ലാന്‍ വരുന്ന കലാപകാരികളെ വെടിവെച്ചു കൊല്ലുമ്പോള്‍ പോലീസും ചെയ്യുന്നത് അതേ പണി തന്നെയല്ലേ..?! കലാപകാരികളുടെ വാദം അവിടെ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ..?! ഇല്ല..!! അതുകൊണ്ട് മേലില്‍ പോലീസിന്റെയും പട്ടാളത്തിന്റെയും ആയുധം ലാത്തിയായി പരിമിതപ്പെടുത്തണം..!! വെടിവെപ്പ് കൊണ്ട് കലാപങ്ങള്‍ ഇല്ലാതാക്കാം എന്നതും വിഡ്ഢിത്തം തന്നെയല്ലേ..!!
വധശിക്ഷ പോയിട്ട് ശിക്ഷ എന്ന വാക്കുപോലും ഇല്ലാത്ത ഒരു സമത്വ സുന്ദര കിനാശ്ശേരി..!! അതാവട്ടെ നമ്മുടെ (ദു)സ്വപ്‌നം.
Discussion about this post