തിരുവനന്തപുരം: പുതുവർഷത്തിൽ സംസ്ഥാനത്ത് പബ്ബുകൾ പ്രവർത്തനമാരംഭിക്കാൻ സാദ്ധ്യത. പബ്ബുകൾക്ക് പ്രവർത്തനം നടത്താനുള്ള അനുവാദം നൽകുന്ന മദ്യനയം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാനുള്ള പ്രാരംഭ നടപടികൾ സർക്കാർ ആരംഭിച്ചതായാണ് സൂചന. പബ്ബുകൾ അനുവദിക്കണം എന്ന നിലപാടിൽ തന്നെയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും. എൽ.ഡി.എഫിലും ഇക്കാര്യത്തിൽ എതിർപ്പുകളില്ല. നേരത്തെ ഉപേക്ഷിക്കപ്പെട്ട മൈക്രോ ബ്രൂവറികളുടെ കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.
പുതിയ മദ്യനയത്തിൽ കള്ളുഷാപ്പുകൾ വിൽപ്പനയ്ക്ക് വയ്ക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ അനുവദിച്ചിരിക്കുന്നത് 5171 കള്ള് ഷാപ്പുകളാണ്. ഇക്കൂട്ടത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 4247 ഷാപ്പുകളാണ്.
അതേസമയം പബ്ബുകൾ ആരംഭിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരാനാണ് സാദ്ധ്യത. മദ്യവർജ്ജനമാണ് സർക്കാർ നയമെന്ന് മന്ത്രിമാർ ആവർത്തിക്കുമ്പോഴും മദ്യപാന ശീലത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന ആക്ഷേപം നിലവിലുണ്ട്. ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാനുള്ള സർക്കാർ തീരുമാനവും സർക്കാർ ചില്ലറ വിൽപ്പന ശാലകളിൽ പ്രീമിയം കൗണ്ടർ അടക്കമുള്ള സംവിധാനങ്ങൾ വിപുലമാക്കിയതും മദ്യത്തിന്റെ ഉപഭോഗം വർദ്ധിപ്പിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post