ഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനും കേന്ദ്രസർക്കാരിനുമെതിരെ വിദ്വേഷ പ്രസംഗവുമായി അരുന്ധതി റോയി. വിവരശേഖരണത്തിനായി അധികൃതർ എത്തുമ്പോൾ നിങ്ങൾ കള്ളപ്പേരുകൾ നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ഡൽഹി സർവ്വകലാശാലയിലെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവെയാണ് അവർ ഇപ്രകാരം പറഞ്ഞത്.
ദേശീയ ജനസംഖ്യാ രജിസ്റ്റർ ദേശീയ പൗരത്വ രജിസ്റ്ററിനുള്ള വിവര സൂചികയായി ഉപയോഗിക്കപ്പെടുമെന്നും അതു കൊണ്ട് അതിൽ തെറ്റായ വിവരങ്ങൾ നൽകണമെന്നും അവർ ആഹ്വാനം ചെയ്തു. ദേശീയ പൗരത്വ രജിസ്റ്റർ മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും അരുന്ധതി റോയി ആരോപിച്ചു.
എന്നാൽ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും തമ്മിൽ ബന്ധമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ അരുന്ധതി റോയിയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി.
അരിന്ധതി റോയിയുടെ ആഹ്വാനം രാജ്യദ്രോഹമാണെന്ന് സുബ്രഹ്മണ്യൻ സ്വാമി വ്യക്തമാക്കി. ഇത്തരം ആഹ്വാനങ്ങൾ രാജ്യസുരക്ഷയെ ബാധിക്കുന്നവയാണെന്നും എത്രയും വേഗം അവരെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ നടത്തുന്നവർ സമൂഹത്തിന് ഭീഷണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വസ്തുതാവിരുദ്ധമായ വാർത്തകളിലൂടെയും ആഹ്വാനങ്ങളിലൂടെയും അരുന്ധതി റോയി കലാപത്തിന് ആഹ്വാനം നൽകിയിരിക്കുകയാണ്. അവരുടെ വാക്കുകൾ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തും. അവർക്കെതിരെ യുക്തമായ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
Discussion about this post