ഡല്‍ഹി: രാജ്യത്തെ ആദ്യ സര്വ്വസേനാ മേധാവിയുടെ പ്രഖ്യാപനം വൈകില്ലെന്ന് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. കരസേനാ മേധാവി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ബിപിന്‍ റാവത്ത് സര്വ്വസേന മേധാവിയാകുമെന്ന അഭ്യൂഹവും ശക്തമാണ്. 64 വയസായിരിക്കും ചിഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധിയെന്നാണ് റിപ്പോര്‍ട്ട്. പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ പ്രഖ്യാപിക്കുന്നതിനൊപ്പം എന്തൊക്കെയാണ് ആ പദവിയില്‍ ഇരിക്കുന്നയാള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളെന്നും കേന്ദ്രം വിശദീകരിച്ചേക്കുമെന്നാണ് വിവരം.
സേനയുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മോദി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. കര-വ്യോമ-നാവിക സേനകളെ മൊത്തത്തില്‍ നിയന്ത്രിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാനുമായി സര്‍വസേനാ മേധാവി എന്ന ചിഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര ദിനത്തില്‍ രാജ്യത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നിാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം പുതിയ പദവിക്ക് അനുമതിയും നല്കി.
മൂന്ന് സേനാവിഭാഗങ്ങളെയും ഏകോപിപ്പിക്കുക എന്നതാകും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ ചുമതല. സേന നവീകരണ സമിതിയുടെ ശുപാര്‍ശ കൂടി പരിഗണിച്ചാണ് തീരുമാനം.
Discussion about this post