ന്യൂഡൽഹി : ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് പലസ്തീൻ. ഇസ്രായേൽ ഇന്ത്യയിൽ നിന്നും 27 ടൺ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വാങ്ങിയതാണ് പലസ്തീനെ ആശങ്കയിൽ ആക്കിയിരിക്കുന്നത്. ഗാസയിലെ പലസ്തീനികളെ കൊല്ലാൻ ഈ ആയുധങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് പലസ്തീൻ വ്യക്തമാക്കി.
ഇസ്രായേലിന്റെ അഭ്യർത്ഥനയെ തുടർന്ന് ഇന്ത്യ ഇസ്രായേലിലേക്ക് അയച്ചിരുന്ന 27 ടൺ ആയുധങ്ങളും സ്ഫോടക വസ്തുക്കളും അടങ്ങിയ കപ്പൽ തങ്ങളുടെ തുറമുഖത്ത് തങ്ങാൻ സ്‌പെയിൻ അനുമതി നിഷേധിച്ചിരുന്നു. പശ്ചിമേഷ്യയ്ക്ക് വേണ്ടത് ആയുധങ്ങളെല്ലാം സമാധാനമാണെന്നായിരുന്നു സ്പെയിൻ ഇതിന് കാരണമായി പറഞ്ഞിരുന്നത്. ഈ വിഷയത്തോടെയാണ് പ്രതികരണവുമായി പലസ്തീൻ രംഗത്തെത്തിയിട്ടുള്ളത്.
പലസ്തീൻ വിദേശകാര്യ സഹമന്ത്രി വാർസൻ അഗബെകിയൻ ആണ് ഇസ്രയേലിന് ആയുധം നൽകാനുള്ള തീരുമാനം ഇന്ത്യ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. വ്യാഴാഴ്ച റാമല്ലയിലെ പലസ്തീനിലെ ഇന്ത്യൻ പ്രതിനിധി രേണു യാദവിനെയാണ് പലസ്തീൻ വിദേശകാര്യ സഹമന്ത്രി ഇക്കാര്യം അറിയിച്ചത്. ഗാസ മുനമ്പിലെ ആക്രമണവും കുടിയൊഴിപ്പിക്കലും തടയാൻ എല്ലാ ഭാഗത്തുനിന്നും ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും പലസ്‌തീൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post