തിരുവനന്തപുരം: ശബരിമല പ്രക്ഷോഭത്തെ നേരിടാന്‍ രൂപീകരിച്ച നവോത്ഥാന സമിതി മാതൃകയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് ഭരണഘടന സംരക്ഷണസമിതി രൂപികരിക്കാന്‍ സര്‍ക്കാര്‍. നിയമത്തിനെതിരായ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ഈ നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ട് വെക്കും. നവോത്ഥാന സംരക്ഷണസമതിയുടെ മാതൃകയിലാവും ഭരണഘടന സംരക്ഷണസമിതിയും പ്രവര്‍ത്തിക്കുക. പ്രതിപക്ഷവുമായി സഹകരിക്കുന്ന മതസമുദായിക സംഘടനകളെ കൂടി തങ്ങള്‍ക്ക് കീഴില്‍ അണിനിരത്തുക എന്ന ഗൂഡോദ്ദേശമാണ് ഭരണഘടന സമിതി രൂപീകരണത്തിന് പിന്നിലെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലേക്ക് മതസാമുദായിക സംഘടനാ നേതാക്കള്‍ക്കും ക്ഷണമുണ്ട്. അവിടെയുണ്ടാകുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംരക്ഷണസമിതി രൂപീകരിക്കാനാണ് നിര്‍ദ്ദേശം. പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരു സമിതി എന്ന നിലയില്ല ഭരണഘടനാ സംരക്ഷണ സമിതി രൂപികരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഒരു സ്ഥിരം പ്ലാറ്റ് ഫോം എന്നനിലയിലാണ് സമിതി രൂപികരിക്കാനുള്ള നീക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം യോഗത്തില്‍ അവതരിപ്പിച്ചത്.
ജനുവരി 26ന് എല്‍ഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യചങ്ങലയില്‍ പ്രതിപക്ഷപാര്‍ട്ടികളെയും പങ്കെടുപ്പിക്കാന്‍ ശ്രമം നടത്തും. എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി ഒഴികെയുള്ള എല്ലാ സംഘടനകളെ അണിനിരത്താനാണ് തീരുമാനം. എന്നാല്‍ മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ മനുഷ്യചങ്ങലയില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമായി കഴിഞ്ഞു. നവോത്ഥാന സമിതിയുടേത് പോലെ പരാജയപ്പെടാനുള്ള യോഗമാണ് ഭരണഘാടനാ സമിതിക്കുമെന്ന ആക്ഷേപം ശക്തമാണ്. സര്‍വ്വ കക്ഷിയോഗത്തില്‍ ബിജെപി പങ്കെടുത്ത് തങ്ങളുടെ നിലപാട് അറിയിക്കുമെന്നാണ് സൂചന.
Discussion about this post