ന്യൂഡൽഹി :വൈദ്യ പരിശോധനയ്ക്ക് വിധേയനായി രാജ്യസഭാ അംഗവും ആംആദ്മി വനിതാ നേതാവുമായ സ്വാതി മലിവാൾ. ഡൽഹിയിലെ എയിംസിലാണ് സ്വാതി പരിശോധനയ്ക്ക് എത്തിയത്. നാല് മണിക്കൂറോളം പരിശോധന നീണ്ടു നിന്നു . സ്വാതി മലിവാളിന്റെ മുഖത്ത് അന്തരിക മുറിവുകൾ ഉണ്ടായിട്ടുണ്ട് എന്നാണ് മെഡിക്കോ – ലീഗൽ കേസ് റിപ്പോർട്ട് . ഡൽഹി വനിതാ കമ്മീഷൻ അംഗം വന്ദന സിംഗും മലിവാളിനൊപ്പം ഉണ്ടായിരുന്നു.
കൂടാതെ ക്രിമിനൽ നടപടി നിയമത്തിലെ 164-ാം വകുപ്പ് പ്രകാരം മജിസ്‌ട്രേറ്റിന് മുന്നിൽ മൊഴി നൽക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കെജ്രിവാളിന്റെ സഹായി ബിഭാവ് കുമാറിനായി ഡൽഹി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി പോലീസ് സംഘം മലിവാളിന്റെ മൊഴി അവരുടെ വസതിയിൽ രേഖപ്പെടുത്തിയതിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
കെജ്രിവാളിനെ കാണാനെത്തിയ തന്നെ അദ്ദേഹത്തിന്റെ പിഎ ബിഭവ് കുമാർ തന്നെതല്ലുകയും ചവിട്ടുകയും വടികൊണ്ട് അടിക്കുകയും വയറ്റിൽ ഇടിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.








