ഉത്തരന്ത്യേയിലെ വാർത്തകളെ മാത്രം നോക്കി കൊഞ്ഞനംകുത്തി നെടുവീർപ്പിടുന്ന പ്രബുദ്ധമലയാളിക്കേറ്റ അടിയാണ് കേരളം ക്രമസമാധാനപരിപാലനത്തിൽ പിന്നോട്ടെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിദ്ധ്യത്തിലാണ് കേരളത്തിലെ അരക്ഷിതാവസ്ഥ തെളിയിക്കുന്ന വിവരങ്ങൾ പുറത്തായിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നിഷ്ഠൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് എല്ലാ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ലഹരി-ഗുണ്ടാ സംഘങ്ങൾ അഴിഞ്ഞാടുന്നു. മുഖ്യമന്ത്രിയുടെ തിരിച്ചുവരവിന് കാത്തിരിക്കാതെ ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി തയാറാകണമെന്ന് പ്രതിപക്ഷ നേതാവടക്കം ആവശ്യപ്പെട്ടുകഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് കേരളത്തിൽ അധികാരത്തിലേറിയ 2016 മുതൽ 2022 വരെയുള്ള 6 വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന ബോംബ് ആക്രമണക്കേസുകളുടെ വിവരങ്ങൾ, കൊടുംക്രിമിനലുകൾക്ക് കുടചൂടുന്ന സർക്കാരിന്റെ നയത്തെയാണ് വെളിച്ചത്താക്കുന്നതെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ ആറുവർഷത്തിനിടെ 431 ബോംബ് ആക്രമണങ്ങളാണ് നടന്നത്. എന്നാൽ ഇതിൽ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസിൽ പകുതിയും പോലീസ് എഴുതിത്തള്ളി. 205 എണ്ണം തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണു പോലീസ് വാദം. 2 കേസുകൾ എഴുതിത്തള്ളിയതു തെളിവുകളുടെ അഭാവത്തിലാണ്. 162 കേസുകളിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം നൽകിയത്. ഇവ വിചാരണയുടെ ഘട്ടത്തിലാണ്. ഫലത്തിൽ ഒരാൾക്കും ഇതുവരെ ശിക്ഷ കിട്ടിയിട്ടില്ലെന്നതും യാഥാർത്ഥ്യമാണ്.
ഇത്രയധികം കേസുകൾ ഉണ്ടായിട്ടും പല കേസിലും ഭരണകക്ഷിയിൽപ്പെട്ടവർ ഉൾപ്പെട്ടതോടെയാണ് ആദ്യം അന്വേഷണം തുടങ്ങിയ പൊലീസ് കുറ്റപത്രം നൽകാറായതോടെ മലക്കം മറിഞ്ഞത്. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനുമേൽ സമ്മർദം ചെലുത്തിയാണു കേസുകൾ അട്ടിമറിച്ചത്. ബോംബ് ആക്രമണ കേസുകളുടെ എണ്ണം ഒരു വശത്ത് വർദ്ധിക്കുമ്പോൾ മറുവശത്ത് ഗുണ്ടകളും അവരുടെ അഴിഞ്ഞാട്ടവും പെരുകുകയാണ്. പ്രതിഷേധവും പത്രവാർത്തകളും നിറയുമ്പോൾ ആരുടെയോ കണ്ണിൽ പൊടിയിടാൻ ഗുണ്ടാവേട്ട എന്ന പേരിൽ പോലീസും ആഭ്യന്തരവകുപ്പും ഒത്തുചേർന്ന് നാടകവും കളിക്കുന്നു.
ഞെട്ടിക്കുന്ന വസ്തുതയെന്തെന്നാൽ സംസ്ഥാനത്തെ ഗുണ്ടകളുടെ എണ്ണമറിഞ്ഞാൽ കേരളത്തിലെ വഴികളിലൂടെ ഒറ്റയ്ക്ക് നടക്കാൻ നാം ഒന്ന് മടിക്കും.ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് എത്ര ഗുണ്ടകൾ പുറത്തുണ്ടെന്ന് പോലീസ് കണക്കെടുത്തിരുന്നു. 2815 ഗുണ്ടകൾ പട്ടികയിൽ ഇടം നേടി. 2022 അവസാനം പോലീസ് തയാറാക്കിയ ലിസ്റ്റിൽ 2,272 ഗുണ്ടകളാണ് ഉണ്ടായിരുന്നത്. അതായത് ലിസ്റ്റിൽ അഞ്ഞൂറിൽ അധികം പേർ അധികമായി വന്നു. ഇത്രയധികം വർദ്ധനവുണ്ടായിട്ടും ചെറുവിരൽ അനക്കാൻ പോലും ബന്ധപ്പെട്ട അധികാരികൾ തയ്യാറായില്ലെന്നതാണ് ദുരവസ്ഥ. പല പോലീസ് സ്‌റ്റേഷനുകളും പഴയകാല ഗുണ്ടകളെ വിളിച്ച് ഒപ്പിട്ടുപോകാൻ നിർദ്ദേശം കൊടുത്തതാണ് വലിയ നടപടി എടുത്തതായി വീമ്പുപറയുന്നത്.
മറ്റൊരു പ്രധാനകാര്യം, ഒരു പതിറ്റാണ്ടിനിടെ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ ഏറ്റവും അധികം റിപ്പോർട്ട് ചെയ്തത് 2023ന് ശേഷമാണ്. ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങളും 1,358 വധശ്രമ കേസുകളും റിപോർട്ട് ചെയ്തു. മുൻ വർഷങ്ങളിൽ മാസം ശരാശരി 26 കൊലപാതകങ്ങളാണ് റിപോർട്ട് ചെയ്തിരുന്നതെങ്കിൽ ഈ വർഷം അത് 33 ആയി ഉയർന്നു. കൊടും ക്രിമിനലുകളെ നിരീക്ഷിക്കുന്നതിലും കാപ്പ ചുമത്തുന്നതിലും പരാജയപ്പെട്ടതാണ് ഗൂണ്ടാ വിളയാട്ടത്തിനു പ്രധാനകാരണം. കൊലപാതക കേസിൽ ജയിലിൽ നിന്നു പുറത്തിറങ്ങിയവരാണ് തലസ്ഥാനജില്ലയിലടക്കം വീണ്ടും കൊലപാതകം നടത്തിയത്.
ക്രിമിനലുകളെ നിരന്തര നിരീക്ഷണ വിധേയമാക്കുന്നതിൽ സംസ്ഥാനത്തെ ഇന്റലിജൻസ് സ്പെഷ്യൽ ബ്രാഞ്ച് സംവിധാനങ്ങൾ പാടെ പരാജയപ്പെട്ടു.മിടുക്കരായ ഉദ്യോഗസ്ഥരെ തഴഞ്ഞ് രാഷ്ട്രീയ താത്പര്യങ്ങൾ മൂലം തിരുകികയറിയ ഉദ്യോഗസ്ഥരാണ് ഇന്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് തസ്തികകളിൽ ഇപ്പോഴുള്ളതെന്നും സേനയിൽ പരക്കെ ആക്ഷേപമുണ്ട്.
നാഴികയ്ക്ക് നാൽപ്പത് വട്ടം നമ്പർ വൺ ലേബലിൽ പൊതിയുമ്പോഴും സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയുടെ യഥാർത്ഥ ചിത്രം ഇതാണ്. എന്നാൽ ജനം ഇത്രയേറെ അരക്ഷിതാവസ്ഥയിൽ ബുദ്ധിമുട്ടുമ്പോഴും ബഹുമാനപ്പെട്ട ആഭ്യന്ത്രമന്ത്രി മാത്രമല്ല ക്രമസമാധാന ചുമതല വിശ്വസിച്ചേൽപ്പിച്ച എഡിജിപിയും വിദേശടൂറിലാണ്. എ.ഡി.ജി.പി എം.ആർ അജിത് കുമാറാണ് പത്തു ദിവസത്തേക്ക് സിംഗപ്പൂരിൽ അവധി ആഘോഷിക്കുന്നത്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കിടേശിനാണ് ചുമതല നൽകിയത്. പക്ഷേ വെറും ചുമതല മാത്രം നൽകിയാണ് അജിത്കുമാർ സിംഗപ്പൂരിലേക്ക് പറന്നത്. സംസ്ഥാന പോലീസ് മേധാവിയും ചിത്രത്തിൽ ഇല്ലെന്ന് വേണം പറയാൻ. ഷേഖ് ദർവേഷ് സാഹിബ് ഡി.ജി.പിയായതിനു ശേഷം ഒതുങ്ങി കൂടിയിരിക്കുകയാണ്. ക്രമിനലുകൾക്ക് നേരെ ലാത്തിയെടുക്കേണ്ട പോലീസ്,അവിടെ സൽക്കാരപ്രിയരാവുകയും പകരം പൊതുജനത്തിന് മേലെ കുതിരകയറുകയും ചെയ്യുമ്പോൾ ആരോട് പരാതി പറയണം എന്നാലോചിച്ച് വീർപ്പുമുട്ടുകയാണ് സാക്ഷരകേരളം.
Discussion about this post