ലക്‌നൗ : 1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റിയ പ്രതി യാക്കൂബ് മേമന്റെ വിധവയെ രാജ്യസഭാ എംപിയാക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ്. സമാജ്‌വാദി പാര്‍ട്ടിയുടെ മഹാരാഷ്ട്രയിലെ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് ഘോഷിയാണ് ഇതു പറഞ്ഞത്. ഇതുസംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങിന് കത്തയയ്ക്കുകയും ചെയ്തു.
സംഭവം വിവാദമായതോടെ നിലപാട് മയപ്പെടുത്തി ഫാറൂഖ് രംഗത്തെത്തി. ഇത്തരമൊരു കത്ത് ഈ സന്ദര്‍ഭത്തില്‍ മുലായത്തിന് അയക്കാന്‍ പാടില്ലായിരുന്നു. ശരിയായ സമയമായിരുന്നില്ല ഇതെന്നുമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്നത്. എന്നാല്‍ യാക്കൂബിന്റെ ഭാര്യയെ എംപിയാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘കുറേവര്‍ഷങ്ങളായി മേമന്റെ ഭാര്യ റഹീന്‍ ജയിലിലാണ്. അവള്‍ എത്രമാത്രം വേദനിക്കുന്നുണ്ടാകും, ഇന്ന് ഞാന്‍ റഹീന്റെ നിസഹായവസ്ഥ കണ്ടെത്തിയിരിക്കുന്നു, രാജ്യത്ത് ഇത്തരത്തില്‍ വിധവകളായ നിരവധി മുസ്ലീം സ്ത്രീകള്‍ സഹായിക്കാന്‍ ആരുമില്ലാതെ കഴിയുന്നുണ്ട്, അവര്‍ക്ക് വേണ്ടി പോരാടന്‍ ആരുമില്ല, അതിനാല്‍ റഹിനെ രാജ്യസഭ എംപിയായി തെരഞ്ഞെടുക്കണം, നിസഹായര്‍ക്കും അനാഥര്‍ക്കും വേണ്ടി റഹിന്റെ വാക്കുകള്‍ പ്രവര്‍ത്തിക്കണം ‘ എന്നതാണ് ഫറൂഖ് ഘോഷി അയച്ച കത്തിലെ ഉള്ളടക്കം.
കോടതി ശിക്ഷിച്ചത് യാക്കൂബ് മേമനെയാണ്. അദ്ദേഹത്തിന്റെ ഭാര്യയും മകളും നിരപരാധികളാണെന്നും ഘോഷി പറയുന്നു.
വ്യാഴാഴ്ച രാവിലെയാണ് യാക്കൂബ് മേമനെ നാഗ്പൂര്‍ ജയിലില്‍ വച്ച് തൂക്കിലേറ്റിയത്. മുംബൈയില്‍ 1993ല്‍ ഉണ്ടായ സ്‌ഫോടനപരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ യാക്കൂബ് മേമന്റെ സഹോദരന്‍ ടൈഗര്‍ മേമനും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും പങ്കുണ്ടായിരുന്നു.
Discussion about this post