കുഞ്ചിപ്പാറ: കോതമംഗലത്ത് റോഡും വാഹനവുമില്ലാത്തതിനാല് ആദിവാസി കോളനിയില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി അയല്‍വാസികള്‍ നടന്നത് മൂന്ന് കിലോമീറ്റര്‍. കുട്ടമ്പുഴ കുഞ്ചിപ്പാറ ആദിവാസി കോളനിയിലാണ് സംഭവം.
കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ സോമനെ കഴിഞ്ഞ ദിവസമാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോതമംഗലം ആശുപത്രിയിലെത്തിക്കണമായിരുന്നു. എന്നാല്‍, റോഡ് സൗകര്യമില്ലാത്തതിനാല്‍ ആംബുലന്‍സുകളൊന്നും കോളനിയിലേക്ക് വന്നില്ല. വല്ലപ്പോഴും ജീപ്പുകള്‍ മാത്രമാണ് ഇതുവഴി വരാറുള്ളത്. മൃതദേഹം കൊണ്ടുപോകാനായി ജീപ്പുകളും ലഭിച്ചില്ല. തുടര്‍ന്നാണ് അയല്‍വാസികള്‍ ചേര്‍ന്ന് മൃതദേഹം പായയില്‍ കെട്ടി മൂന്നുകിലോമീറ്ററോളം നടന്ന് കല്ലേരിമേട്ടിലെത്തിച്ചത്. അവിടെനിന്ന് ബ്ലാവന കടത്ത് വരെ മൃതദേഹം ജീപ്പില്‍ കൊണ്ടുപോയി. കടത്ത് കടന്ന ശേഷം കുട്ടമ്പുഴ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ കോതമംഗലം ആശുപത്രിയിലേക്ക് എത്തിച്ചു.
കുഞ്ചിപ്പാറ കോളനിയിലേക്ക് പാലവും റോഡും നിര്‍മിക്കണമെന്നത് നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. മഴക്കാലത്ത് പുഴയില്‍ വെള്ളം നിറയുന്നതോടെ ബ്ലാവന കടത്ത് വഴിയുള്ള യാത്ര ദുഷ്കരമാകും. ഇതോടെ കോളനിക്കാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാകുന്നതും ഇവിടെ പതിവ് സംഭവമാണ്.
Discussion about this post