ഡൽഹി: സാമ്പത്തിക ക്രമക്കേടുകളും സർക്കാർ ഫണ്ടിന്റെ ദുരുപയോഗവും കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസഡറെ തിരിച്ചുവിളിച്ച് വിദേശകാര്യ മന്ത്രാലയം. താമസിക്കുന്ന അപ്പാർട്ട്മെന്റിനു പ്രതിമാസം 15 ലക്ഷം രൂപ വാടക നൽകിയിരുന്ന ഇന്ത്യൻ അംബാസഡർ രേണു പല്ലിനെയാണു മടക്കിവിളിച്ചത്.
1988-ലെ ഇന്ത്യൻ ഫോറിൻ സർവീസ് ബാച്ചുകാരിയായ രേണുവിന്റെ ഓസ്ട്രിയയിലെ സേവനകാലം അടുത്തമാസമാണു പൂർത്തിയാവുക. അതിനു മുൻപേ മടക്കിവിളിക്കുകയായിരുന്നു. അനുമതിയില്ലാതെ വലിയ വസതിയിൽ താമസിച്ചു സർക്കാർ ഫണ്ട് ദുരുപയോഗപ്പെടുത്തുകയാണു രേണു നടത്തിയതെന്നാണു സെൻട്രൽ വിജിലൻസിനു കമ്മിഷന്റെ (സിവിസി) നിർദേശപ്രകാരം വിദേശകാര്യ മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
സെപ്റ്റംബറിൽ വിയന്ന സന്ദർശിച്ചാണ് ചീഫ് വിജിലൻസ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം പൂർത്തിയാക്കിയത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നതാണെന്ന അന്വേഷണ റിപ്പോർട്ടാണു സംഘം സിവിസിക്കു നൽകിയത്. തുടർന്നു ഡിസംബർ 9ന് രേണുവിനെ ഹെഡ്ക്വാർട്ടേഴ്സിലേക്കു മാറ്റി. എല്ലാതരത്തിലുമുള്ള ഭരണ, സാമ്പത്തിക നിർവഹണ അധികാരങ്ങളും മരവിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെ വിയന്നയിൽനിന്നു രേണു ഇന്ത്യയിലേക്ക് മടങ്ങിയെന്നാണു റിപ്പോർട്ട്.
Discussion about this post