തിരുവനന്തപുരം: ജാതി വിവേചന രഹിതമാകണം ഭാവി ഇന്ത്യയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മഠാധിപതികളും ബിഷപുമാരും മൗലവിമാരും ജനങ്ങളിലേക്കും തെരുവുകളിലേക്കും ഇറങ്ങി ജാതി വ്യവസ്ഥ ഇല്ലാതാക്കണം. ജാതി വിവേചനം പൂര്‍ണമായി അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം കൊണ്ടു മാത്രമാകില്ല, രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണ നൈപുണ്യവും വേണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ തീര്‍ത്ഥാടനം പുതിയ തുടക്കമാകട്ടെ. ഗുരുദേവന് ഹിന്ദുവായി ജനിച്ചു. എന്നാല്‍,? പ്രത്യേക മതത്തോട് ആഭിമുഖ്യമില്ലായിരുന്നു. അദ്ദേഹം എല്ലാ മതങ്ങളെയും ഒരേപോലെ കണ്ടു. ഒരു മതത്തോടും പക്ഷപാതം കാണിച്ചില്ല. മനുഷ്യനെ വിഭജിക്കുന്ന പ്രവണതകളെയും ജാതിയെയും തള്ളിക്കളഞ്ഞു. ഗുരുവിന്റെ ചിന്തകള്‍ ജീവിതത്തില്‍ പകര്‍ത്തണം. ജാതിമതവര്ഗവര്ണഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിനാളുകള്‍ ഈ തീര്‍ത്ഥാടനത്തില്‍ എത്തുന്നു-ഉപരാഷ്ട്രപതി പറഞ്ഞു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി മുരളീധരന് മുഖ്യതിഥിയായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കടകംപള്ളി സുരേന്ദ്രന്, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, വര്‍ക്കിങ് ചെയര്മാന് കെ ജി ബാബുരാജ്, രക്ഷാധികാരി ഗോകുലം ഗോപാലന് പങ്കെടുത്തു.
Discussion about this post