ജനപ്രീതിയുടെ കാര്യത്തില്‍ ഹോളിവുഡ് സിനിമകള്‍ നിറഞ്ഞാടുന്ന ആഗോള ബോക്സോഫീസില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ ഏറ്റുമുട്ടുന്നു.ഇതിനോടൊപ്പം ആരാധകരും രണ്ടു പക്ഷം തിരിഞ്ഞിരിക്കുകയാണ്. ഓരോ ആഴ്ചയുടെ വ്യത്യാസത്തില്‍ റിലീസ് ചെയ്ത രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയും സല്‍മാന്‍ഖാന്റെ ബജ്രംഗി ഭായിജാനും ഇന്ത്യയില്‍ റെക്കോഡ് വിജയം നേടുമ്പോള്‍ ഇവയുടെ ബോക്സോഫീസ് കളക്ഷന്റെ കാര്യത്തില്‍ ബോളിവുഡ് ടോളിവുഡ് വിനോദമാധ്യമങ്ങളും ആരാധകരും ചേരി തിരിയുകയാണ്.
ബാഹുബലി റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞുള്ള ഈദ് ദിനത്തിലായിരുന്നു സല്മാന്ഖാന് നായകനാകുന്ന ബജ്രംഗി ഭായിജാന് റിലീസ് ചെയ്തത്. വെറും 14 ദിവസം മാത്രം പിന്നിടുന്ന സല്‍മാന്‍ചിത്രം ഇതിനകം 400 കോടിയിലേക്ക് നീങ്ങുന്നതായിട്ടാണ് കണക്കുകള്‍ അറിയിക്കുന്നത്. ഇന്ത്യയില്‍ 240 കോടി നേടിയ ചിത്രം പാകിസ്താനിലും നിറഞ്ഞ കൈയ്യടിയോടെ മുന്നേറുന്നുണ്ട്. അതുകൊണ്ടുതന്നെ അടുത്തയാഴ്ച തന്നെ ചിത്രം 400 കോടി പിന്നിടുമെന്ന് ഉറപ്പായി. 2015 ല്‍ 400 കോടിയിലേക്ക് കടക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന പദവി ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ ബജ്രംഗി ഭായിജാന് നല്‍കിക്കഴിഞ്ഞു. ഇതുകൂടാതെ സിനിമ 500 കോടിയും മറികടക്കുമെന്നും മാധ്യമങ്ങള്‍ പറയുന്നു.
അതേസമയം സാങ്കേതിക മികവ് കൊണ്ട് ഹോളിവുഡിനൊപ്പം നില്ക്കുന്ന ബാഹുബലിയും ബോക്സോഫീസില്‍ തരംഗം ഉണ്ടാക്കി മുന്നേറുകയാണ്. ചിത്രം 21 ദിവസം പൂര്‍ത്തിയാകുമ്പോള്‍ നേടിയിരിക്കുന്നത് 462 കോടി രൂപയാണ്. തമിഴ്,മലയാളം,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളില്‍ എത്തിയ ചിത്രം ഇതിനകം 400 കോടി പിന്നിട്ട ആദ്യ ചിത്രമായി മാറിക്കഴിഞ്ഞെന്നാണ് ദക്ഷിണേന്ത്യന്‍ സിനിമാ മാധ്യമങ്ങള്‍ പറയുന്നത്. 100 ദിനം പിന്നിടുമ്പോള്‍ ബാഹുബലി 2000 കോടിയിലധികം നേടിയേക്കുമെന്ന് അവകാശവാദങ്ങളും ഉയരുന്നുണ്ട്. ഇതിനോടൊപ്പം ചിത്രത്തിന്റെ രണ്ടാംഭാഗവും പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും മറ്റുമുതല്മുടക്കുകള് ഇല്ലാതെ തന്നെ ഈ ഭാഗം കൊണ്ട് വിജയം നേടി പണം വാരാനാണ് അണിയറക്കാരുടെ പദ്ധതിയെന്നും വിവരമുണ്ട്.
ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരം സാങ്കേതികമികവ് കാഴ്ച വെയ്ക്കുന്ന ബാഹുബലി അഞ്ചു മണിക്കൂര്‍ സിനിമയായിട്ടാണ് ചിത്രീകരിച്ചതെന്നും സിനിമയുടെ ദൈര്‍ഘ്യം മൂലം അണിയറക്കാര്‍ രണ്ടു ഭാഗങ്ങളുള്ള ചിത്രമായി അതിനെ ഉപയോഗിക്കാന്‍ പദ്ധതിയിടുകയായിരുന്നെന്നും പറയപ്പെടുന്നു. ബജ്രംഗി ഭായിജാന് ഉത്തരേന്ത്യയില്‍ പണംവാരിചിത്രമായി മാറുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ കാര്യമായ ചലനം ഉണ്ടാക്കാതെ കടന്നുപോകുകയാണ്. ആദ്യ കാഴ്ചയിലെ കൗതുകം ഒഴിച്ചാല്‍ ദക്ഷിണേന്ത്യയില്‍ കിട്ടുന്ന വന്‍ സ്വീകരണം ബാഹുബലിക്ക് ഉത്തരേന്ത്യന്‍ തീയറ്ററുകളില്‍ ഉയര്‍ത്താനും കഴിയുന്നില്ലെന്നും പറയുന്നു.
Discussion about this post