ഇന്ത്യയുടെ വിവിധ സേനകളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായും സംയോജിതമായും ഉപയോഗിയ്ക്കാനായി ഒരു പുതിയ വ്യോമ പ്രതിരോധ കമാന്‍ഡ് (Air Defence command) ഉണ്ടാക്കാന്‍ ജനറല്‍ ബിപിന്‍ റാവത്ത് നിര്‍ദ്ദേശിച്ചു. സേനകളുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണിത്. അത്യന്താധുനിക ശൂന്യാകാശ സാങ്കേതികവിദ്യയടക്കം ലഭ്യമായ എല്ലാ സംവിധാനങ്ങളും വ്യോമ പ്രതിരോധ കമാന്‍ഡിലുണ്ടാകുമെന്നാണ് സൂചന.
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ ശേഷം ജനറല്‍ ബിപിന്‍ റാവത്തിന്റെ ആദ്യ തീരുമാനമാണിത്. സംയുക്ത സൈനിക ആസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥരോട് ഇതിനുവേണ്ട പദ്ധതികള്‍ തയ്യാറാക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ജൂണ്‍ 30നകം ഈ പദ്ധതി പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് സംയുക്ത സൈനിക മേധാവി നല്‍കിയിരിയ്ക്കുന്നതെന്ന് പ്രതിരോധവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എല്ലാ സേനകളിലേയും കോസ്റ്റ് ഗാര്‍ഡിലേയും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ശത്രുക്കളില്‍ നിന്നുള്ള ആക്രമണങ്ങളില്‍ നിന്ന് പ്രതിരോധസംവിധാനങ്ങളെ സംരക്ഷിയ്ക്കുകയാണ് വ്യോമ പ്രതിരോധ കമാന്‍ഡ് കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. വ്യോമസേന, നാവികസേന, കരസേന എന്നീ വിഭാഗങ്ങളിലെ വ്യോമയാന സംവിധാനങ്ങള്‍ ഇതിനായി ഒരുമിച്ച് ഉപയോഗിക്കാനാകും. ശൂന്യാകാശ സാങ്കേതികവിദ്യയും പ്രതിരോധഗവേഷണ രംഗത്തെ വിദഗ്ധരേയും ഉപയോഗിച്ച് ഫലപ്രദമായ സംവിധാനങ്ങള്‍ ഇതിനായി നിര്‍മ്മിയ്ക്കും.
പുതിയതായി ഉണ്ടാക്കിയ സൈനിക വകുപ്പിന്റെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധമന്ത്രി സൈനികകാര്യങ്ങളില്‍ ആദ്യം ഉപദേശമാരായുന്നത് ഇനിമുതല്‍ ഈ ചുമതലയിലുള്ളവരോടാകും. മൂന്ന് സേനകളില്‍ നിന്ന് തിരഞ്ഞെടുത്ത ആറ് സൈനികോദ്യോഗസ്ഥര്‍ സംയുക്ത സൈനികമേധാവിയെ സഹായിയ്ക്കാനുണ്ടാകുമെന്ന് പ്രതിരോധവകുപ്പിലെ ഉന്നതോദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മൂന്ന് സൈനികസംവിധാനങ്ങളും ഇനി ഒരൊറ്റ സംഘമായാവും മുന്നോട്ടുപോവുകയെന്നും സേനകളുടെ ഒരുമിച്ചുള്ള സംഘാടനത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ഫലപ്രദമായ വിഭവപരിപാലനത്തിനും വേണ്ടുന്ന കാര്യങ്ങളാവും സംയുക്ത സൈനിക മേധാവി എന്ന നിലയില്‍ മുന്‍ഗണന നല്‍കുകയെന്നും ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. .








Discussion about this post