പ്രതിരോധ വിപണിയിൽ ഇന്ത്യയുടെ കരുത്ത് തെളിയിച്ച് വീണ്ടും ബ്രഹ്മോസ് മിസൈൽ കരാർ. ഫിലിപ്പീൻസിന് പിന്നാലെ ദക്ഷിണപൂർവ്വേഷ്യൻ കരുത്തരായ ഇന്തോനേഷ്യയും ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചു. തിങ്കളാഴ്ച ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് റിക്കോ റിക്കാർഡോ സിറൈറ്റാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്തോനേഷ്യൻ സൈന്യത്തിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. പ്രത്യേകിച്ചും സമുദ്ര സുരക്ഷാ മേഖലയിൽ ഇന്ത്യയുടെ ബ്രഹ്മോസ് എത്തുന്നതോടെ ഇന്തോനേഷ്യയുടെ പ്രതിരോധ ശേഷി പതിന്മടങ്ങ് വർദ്ധിക്കും.
2023 മുതൽ തന്നെ ഇതുസംബന്ധിച്ച ചർച്ചകൾ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ നടക്കുന്നുണ്ടായിരുന്നു. ഏകദേശം 200 ദശലക്ഷം ഡോളർ മുതൽ 350 ദശലക്ഷം ഡോളർ വരെ (ഏകദേശം 1,600 കോടി മുതൽ 3,000 കോടി രൂപ വരെ) മൂല്യമുള്ള കരാറാണിതെന്നാണ് നേരത്തെ പുറത്തുവന്ന സൂചനകൾ. എന്നാൽ കരാറിന്റെ കൃത്യമായ തുക വെളിപ്പെടുത്താൻ ഇന്തോനേഷ്യൻ വക്താവ് തയ്യാറായിട്ടില്ല. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് മിസൈലുകൾ അതിന്റെ വേഗത കൊണ്ടും കൃത്യത കൊണ്ടും ലോകത്തെ ഏറ്റവും മികച്ച ക്രൂയിസ് മിസൈലുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 2022-ൽ ഫിലിപ്പീൻസാണ് ബ്രഹ്മോസ് വാങ്ങാൻ ഇന്ത്യയുമായി ആദ്യമായി വിദേശ കരാറിൽ ഒപ്പുവെച്ചത്. ആ കരാറിന് പിന്നാലെ ഇന്തോനേഷ്യയും ബ്രഹ്മോസ് നിരയിലേക്ക് എത്തിയത് ഇന്ത്യൻ പ്രതിരോധ കയറ്റുമതി മേഖലയ്ക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്.
ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ സ്വാധീനം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ബ്രഹ്മോസ് മിസൈലുകൾ ഇന്തോനേഷ്യ കൈക്കലാക്കുന്നത് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. കപ്പലുകളിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിമാനങ്ങളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ബ്രഹ്മോസ്, ശത്രുവിന്റെ റഡാറുകളുടെ കണ്ണ് വെട്ടിച്ച് അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ശേഷിയുള്ളതാണ്.










