ഡല്‍ഹി : കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ മുഖബിംബമായ രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും ചിത്രങ്ങള്‍ തപാല്‍ സ്റ്റാമ്പില്‍ നിന്നും നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതിനു പകരമായി സ്റ്റാമ്പില്‍ ഉള്‍പ്പെടുത്താന്‍ 22 വിശിഷ്ട വ്യക്തികളുടെ പേരുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ തപാല്‍ ഉപദേശക കമ്മിറ്റി, ഐടി വിജ്ഞാപന വകുപ്പ് മന്ത്രിയുമായ രവി ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്.
ഇന്ത്യയിലെ പ്രസിദ്ധ ഗായകര്‍,എഴുത്തുകാര്‍,സ്വാതന്ത്ര്യ സമര സേനാനികള്‍, ചിത്രകാരന്മാര്‍ എന്നിവരാകും ഇനി തപാല്‍ സറ്റാമ്പുകളിലൂടെ പ്രത്യക്ഷപ്പെടുക. ഛത്രപതി ശിവജി, ഉരുക്കുമനുഷ്യന്‍ എന്ന പേരിലറിയപ്പെട്ട സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ലോകമറിയുന്ന സംഗീതജ്ഞരായ രവിശങ്കര്‍, ബിസ്മില്ല ഖാന്‍, എന്നിവരടങ്ങിയതാണ് പട്ടിക.
ഇവരെക്കൂടാതെ, ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജി, സ്വാതന്ത്ര്യ സേനാനി ദീന്‍ ദയാല്‍ ഉപാധ്യായ, തുടങ്ങിയവരും പട്ടികയിലുണ്ട്.
ധീരപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമര്‍പ്പണമായി മൗലാനാ അബുള്‍ കലാം ആസാദ്,രാജേന്ദ്ര പ്രസാദ്, ഡോക്ടര്‍ റാം മനോഹര്‍ ലോഹിയ,ജയപ്രകാശ് നാരായണ്‍,ഭഗത് സിങ്,ലോകമാന്യ തിലക്,സ്വാമി വിവേകാനന്ദന്‍, സുബ്രഹ്മണ്യം ഭാരതി, ഭീംസെന്‍ ജോഷി എന്നിവരുടെ ചിത്രമടങ്ങിയ സ്റ്റാമ്പുകളും പ്രസിദ്ധീകരിക്കും.
സ്റ്റാമ്പുകള്‍ എല്ലാ പോസ്‌റ്റോഫീസുകളില്‍ ലഭിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ് മഹല്‍,അജന്ത,എല്ലോറ,ബേലൂര്‍ മത്,ഖജുരാഹോ എന്നിവയുടെ ചിത്രങ്ങളുള്‍പ്പടുന്ന സ്റ്റാമ്പുകളും വൈകാതെ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യ ടിവി ന്യൂസാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
Discussion about this post