ഡല്‍ഹി: ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ജാഗ്രതപാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം. ഐ.എസ്. ഇന്ത്യയെ ലക്ഷ്യംവെക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. ആഭ്യന്തര സുരക്ഷിതത്വത്തിനുനേരെ ഉയരുന്ന ഭീഷണികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മന്ത്രാലയം ശനിയാഴ്ച യോഗം വിളിച്ചുചേര്‍ത്തിരുന്നു. കേരളമടക്കം 12 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും ഡി.ജി.പി.മാരും ഇന്‍ലിജന്‍സിന്റെ ചുമതലയുള്ള എ.ഡി.ജി.പിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. കടല്‍മാര്‍ഗമുള്ള തീവ്രവാദി നീക്കങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതപാലിക്കാന്‍ കേരളമടക്കമുള്ള തീരദേശസംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് ഏതാനും യുവാക്കള്‍ ഐ.എസ്സില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്റര്‍നെറ്റ് വഴിയുള്ള ഐസിസിന്റെ റിക്രൂട്ട്മെന്റ് ഇന്റലിജന്‍സ് ബ്യൂറോയുടെ സൈബര്‍ വിഭാഗമാണ് കണ്ടെത്തിയത്.കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ ഒരുവര്‍ഷം നീളുന്ന റിക്രൂട്ട്മെന്റ് ദൗത്യം ഐസിസ് പ്രഖ്യാപിച്ചിരുന്നു.
ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ്, തെലുങ്കാന, കര്‍ണാടക, മഹാരാഷ്ട്ര, അസാം, പഞ്ചാബ്, പശ്ചിമബംഗാള്‍, ഡല്‍ഹി സംസ്ഥാനങ്ങളിലും ഐസിസിന് സ്വാധീനമുണ്ടെന്ന് ആഭ്യന്തരസെക്രട്ടറി എല്‍.സി. ഗോയല്‍ യോഗത്തെ അറിയിച്ചു.
ഇന്ത്യയില്‍ സായുധസേനാവിഭാഗം രൂപീകരിക്കാന്‍ ആഹ്വാനം ചെയ്ത് അല്‍ ക്വയ്ദ തലവന്‍ സവാഹിരി പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിന്റെ തമിഴ്, ഹിന്ദി, ഉറുദു പരിഭാഷകള്‍ കേരളത്തില്‍ ഇന്റര്‍നെറ്റുവഴി പ്രചരിപ്പിക്കുന്നുണ്ട്. സന്ദേശങ്ങളെല്ലാം കാനഡയിലെ വെബ്സൈറ്റുകളില്‍ നിന്നുള്ളവയാണ്. ഐസിസില്‍ ചേരാന്‍ ആഹ്വാനംചെയ്യുന്ന ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ കേരളത്തില്‍ നിന്ന് പത്തു ലക്ഷത്തിലേറെപ്പേര്‍ സന്ദര്‍ശിച്ചു. ഈ അക്കൗണ്ടുകള്‍ സൈബര്‍ ഇന്റലിജന്‍സ് വിഭാഗം നിരീക്ഷണത്തിലാക്കി. പത്തോളം അക്കൗണ്ടുകളിലൂടെയാണ് ഐസിസ് പ്രചാരണം നടത്തുന്നത്. മുഹമ്മദ് അഹ്ദ എന്ന പേരിലാണ് ചാറ്റ് റൂമുകളില്‍ ഐസിസ് പ്രചാരകരുള്ളത് എന്നാണ് വിവരം.
ഐസിസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ്, ഇന്റലിജന്‍സ്, തീരസംരക്ഷണ സേന, വിമാനത്താവള സുരക്ഷാസേന എന്നിവ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചു. കേരളത്തില്‍ കാണാതാകുന്നവരുടെ കേസുകള്‍ ഇന്റലിജന്‍സ് പരിശോധിക്കുകയും സംശയാസ്പദമായവ കേന്ദ്ര ഏജന്‍സികളെ അറിയിക്കുകയും വേണം. നവ മാദ്ധ്യമങ്ങളിലെ ഐസിസ് സാന്നിദ്ധ്യം കണ്ടെത്താന്‍ സംസ്ഥാനത്തും സൈബര്‍ പട്രോളിംഗ് നടത്തണം.
Discussion about this post