ഡല്‍ഹി: കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് തിരിച്ചടി. സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി വൈകുന്നതിന്റെ പേരില്‍ മറ്റു രാജ്യത്തെ കോടതികളിലെ കേസ് നടപടികളില്‍ നിന്നു രക്ഷപ്പെടാന്‍ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ആകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയിലെ തന്റെ ഹര്‍ജി വൈകുന്നത് ചൂണ്ടിക്കാട്ടി യു.കെയിലെ കോടതി വിധി പുറപ്പെടുവിക്കുന്നത് തടയാന്‍ മല്യ ശ്രമിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സര്‍ക്കാരിന് വേണ്ടി മല്യയുടെ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
തന്റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 27നാണ് മല്യ സുപ്രീംകോടതിയെ സമീപിച്ചത്. 9000 കോടി രൂപയുടെ കടത്തെത്തുടര്ന്നു രാജ്യം വിട്ട മല്യയെ തിരിച്ചെത്തിക്കാനുള്ള വിചാരണ യു.കെയില്‍ നടക്കുകയാണ്.
വിജയ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പിഎംഎല്‍എ കോടതിയുടേതാണ് ഉത്തരവ്. വിജയ് മല്യ വായ്പയെടുത്ത് മുങ്ങിയ തുക വീണ്ടെടുക്കാനായി മല്യയുടെ സ്വത്തുക്കള്‍ വിനിയോഗിക്കാനാണ് കോടതി ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.
മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് അനുമതി നല്കുന്നതില് എതിര്‍പ്പില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഫെബ്രുവരിയില്‍ കോടതിയെ അറിയിച്ചിരുന്നു.
Discussion about this post