ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ അക്രമത്തെപ്പറ്റി സത്യസന്ധമായ വിവരണം അടങ്ങിയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്രവകുപ്പിലെ അസോസിയേറ്റ് പ്രൊഫസറായ ഇന്ദ്രാണി റോയ് ചൌധരി. ഇടത് യൂണിയന്‍ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ അതിക്രമങ്ങളെ തുറന്നുകാട്ടുന്ന കുറിപ്പാണ് അവര്‍ പങ്കുവച്ചിരുന്നത്. ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ശക്തമായ ഭീഷണിയും എതിര്‍പ്പുമാണ് പോസ്റ്റ് പിന്‍വലിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന.
ഇന്ദ്രാണി റോയ് ചൗധരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ മലയാള രൂപം-
ഒരു രാഷ്ട്രീയ ചായ്‌വുമില്ലാത്ത ഇന്ദ്രാണി റോയ് ചൌധരി സംഭവങ്ങള്‍ക്കെല്ലാം ദൃക്‌സാക്ഷിയാണ്. ‘കഷ്ടം, മാദ്ധ്യമങ്ങള്‍ അര്‍ദ്ധസത്യങ്ങളുമായി ഉണര്‍ന്നിട്ടുണ്ട്’ എന്ന് തുടങ്ങുന്ന കുറിപ്പില്‍ സര്‍വകലാശാലയില്‍ രണ്ട് ദിവസമായി നടക്കുന്ന എല്ലാ സംഭവങ്ങളുടേയും യഥാര്‍ത്ഥ വിവരണമുണ്ട്.
‘കഷ്ടം, മാദ്ധ്യമങ്ങള്‍ അര്‍ദ്ധസത്യങ്ങളുമായി ഉണര്‍ന്നിട്ടുണ്ട്’ ജെഎന്‍യു വീണ്ടും തലക്കെട്ടുകളിലേക്ക് മടങ്ങിവന്നിരിയ്ക്കുന്നു!!
കഴിഞ്ഞ രണ്ട് ദിവസമായി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയുടെ വെബ്‌സൈറ്റ് മുഖം മൂടി ധരിച്ച സമരക്കാരായ വിദ്യാര്‍ത്ഥികള്‍ (അതില്‍ ഭാവി കന്നയ്യകുമാര്‍ ആകാന്‍ ശ്രമിയ്ക്കുന്ന ഒരാളൊഴിച്ച് ബാക്കിയെല്ലാം മുഖമൂടിക്കാരായിരുന്നു) ഹാക്ക് ചെയ്ത് വച്ചിരുന്നപ്പോള്‍ ഈ മാദ്ധ്യമങ്ങള്‍ എവിടെയായിരുന്നു?. സര്‍വകലാശാലയുടെ പ്രധാന സെര്‍വര്‍ തകര്‍ക്കുകയും ജനലുകള്‍ അടിച്ചുപൊട്ടിയ്ക്കുകയും ചെയ്തപ്പോള്‍ ഈ മാദ്ധ്യമങ്ങള്‍ എവിടെയായിരുന്നു?
ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ലക്ഷക്കണക്കിനു രൂപയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ വയറുകള്‍ മുറിച്ചുകളഞ്ഞപ്പോള്‍, പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥികളെ തടസ്സപ്പെടുത്താനായി കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ സര്‍വീസ് സെന്ററില്‍ നിന്ന് ജീവനക്കാരെ ഓടിച്ചപ്പോള്‍, ഈ മാദ്ധ്യമങ്ങളൊക്കെ എവിടെയായിരുന്നു?.
വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് നിന്ന് ഒരിക്കലും കേട്ടിട്ടില്ലാത്ത ഏറ്റവും ഹീനമായ പ്രവൃത്തികളായിരുരുന്നത്. ദേശീയപ്രാധാന്യമുള്ള ഒരു സര്‍വകലാശാലയിലെ പൊതുമുതല്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെപ്പോലെ മുഖം മൂടിയിട്ട് തകര്‍ത്തതും ഇതുപോലെ പെരുമാറിയതും അത്ഭുതകരമാണ്.
വിരോധാഭാസമെന്തെന്നാല്‍ ചില മാദ്ധ്യമങ്ങള്‍ വാര്‍ത്തകളുടെ ഒരു വശം മാത്രമേ കാട്ടുന്നുള്ളൂ. ജെ എന്‍ യു സര്‍വകലാശാലയിലെ അദ്ധ്യാപക സംഘടന ഈ പ്രവര്‍ത്തികളെ അപലപിയ്ക്കുന്നതിനു പകരം ഈ നശീകരണത്തിനെതിരേ ഒരക്ഷരം മിണ്ടാതിരുന്നത് നിഗൂഢമാണ്. ഇത്രയും നടന്നതിനു ശേഷം പോലും പോലീസിനെ കാമ്പസിലേക്ക് വിളിച്ചില്ലെന്ന് മാത്രമല്ല ഈ അക്രമം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല ഒരു നടപടിയും എടുത്തിരുന്നില്ല.
സുരക്ഷാവിഭാഗം പണിപ്പെട്ട് സര്‍വകലാശാലയ്ക്കകത്ത് തല്‍ക്കാലം എല്ലാമൊന്ന് ശാന്തമാക്കിയപ്പോള്‍ ഗേറ്റിനരികില്‍ നിന്ന വിദ്യാര്‍ത്ഥികളെ ചിലര്‍ തല്ലിയെന്ന് ഞങ്ങള്‍ കേട്ടു. സര്‍വകലാശാലയിലെ സെന്‍ട്രല്‍ സെര്‍വര്‍ ഇപ്പോഴും ശരിയായിട്ടില്ലെന്നും രജിസ്‌ട്രേഷന്‍ ഇന്നുപോലും തുടരാനാവില്ലെന്നും ഞങ്ങള്‍ കണ്ടു. സര്‍വകലാശാല സെര്‍വര്‍ മുറിയ്ക്ക് മുന്നില്‍ അത് തകര്‍ക്കാന്‍ നിന്ന ഒരു വിദ്യാര്‍ത്ഥിയ്ക്ക് തല്ലുകിട്ടിയെന്നും ഞങ്ങള്‍ കേട്ടു. എന്നാല്‍ അതിനെ സര്‍വകലാശാല അദ്ധ്യാപകസംഘടന അപലപിച്ചിരിയ്ക്കുന്നു!
സമരം ചെയ്യുന്നവരിലെ ഞാന്‍ പഠിപ്പിക്കുന്ന ഒരു വിദ്യാര്‍ത്ഥിയോട് ഇതൊക്കെക്കണ്ട് അത്ഭുതം തോന്നി ഞാന്‍ ചോദിച്ചു. ‘ജനാധിപത്യ അവകാശങ്ങള്‍ സംസാരിക്കുന്ന നിങ്ങള്‍ എന്തുകൊണ്ട് അടികിട്ടിയതിനെ അപലപിയ്ക്കുമ്പോള്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ അപലപിയ്ക്കുന്നില്ല?’ അവന്‍ പറഞ്ഞത് തങ്ങള്‍ക്ക് നിയന്ത്രിയ്ക്കാനാവാത്ത ചില വിദ്യാര്‍ത്ഥികളാണ് ഇതെല്ലാം ചെയ്തതെന്നാണ്. ‘അവര്‍ ശിക്ഷിയ്ക്കപ്പെടണം എന്ന് നീ കരുതുന്നില്ലേ?’ എന്ന എന്റെ ചോദ്യം സ്വാഭാവികമായും വായുവില്‍ ലയിച്ചു.
ഒരുപാട് കാര്യങ്ങള്‍ക്ക് ഉത്തരമില്ല. രണ്ട് മാസം സര്‍വകലാശാല പൂട്ടിയിട്ട് സമരം നടത്തിയപ്പോള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അറുനൂറില്‍ നിന്ന് മുന്നൂറായും മുന്നൂറില്‍ നിന്ന് നൂറ്റിയന്‍പതായും ഹോസ്റ്റല്‍ ഫീസ് കുറച്ചത് സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ ആഘോഷിയ്ക്കുകയല്ലേ വേണ്ടത്? പിന്നെയും എന്തിനവര്‍ സര്‍വകലാശാല അടച്ചിട്ട് പഠിപ്പുമുടക്കി? ആര്‍ക്കും കൃത്യമായ ഉത്തരമില്ല. ചിലര്‍ പറയുന്നു ഫീസ് വര്‍ദ്ധിപ്പിച്ചത് മുഴുവനും പഴയ തുകയാക്കി കുറയ്ക്കണമെന്ന്. ചിലര്‍ പറയുന്നു തങ്ങള്‍ക്ക് മറ്റു ചില അജണ്ടകള്‍ കൂടി നേടാനുണ്ടെന്ന്. ചിലര്‍ ചിലകാര്യങ്ങളിലൊക്കെ സംശയാലുക്കളാണ്. ഇപ്പോള്‍ത്തന്നെ സ്വകാര്യമായി ചില വിദ്യാര്‍ത്ഥികള്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് ഇവര്‍ക്ക് ഹിഡണ്‍ അജണ്ടകളും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുമാണുള്ളതെന്ന്, സമരത്തില്‍ നിന്ന് പിനാറണമെന്ന് തങ്ങള്‍ക്കാഗ്രഹമുണ്ടെന്ന്.
കഴിഞ്ഞ രണ്ട് മാസമായി സ്വന്തം ഓഫീസ് മുറിയില്‍ നിന്ന് പുറത്തെറിയപ്പെട്ട, ആരും സഹായിക്കാനില്ലാത്ത, ശബ്ദമില്ലാത്ത കാഴ്ചക്കാരാണ് ഞങ്ങള്‍ അദ്ധ്യാപകര്‍. നഖം കടിച്ച്, വിഷാദത്തില്‍ മുങ്ങിത്താണ്, എല്ലാ അസാധാരണതകളോടും യുദ്ധം ചെയ്ത്, തണുത്തുറയുന്ന ഈ ശീതകാലത്ത് റോഡുവക്കിലും പാര്‍ക്കിങ്ങ് സ്ഥലത്തും നിന്ന് ഞങ്ങളുടെ വിദ്യാര്‍ത്ഥികളെ സഹായിയ്ക്കുകയാണ് കഴിഞ്ഞ രണ്ട് മാസമായി ഞങ്ങള്‍. എല്ലാം സാധാരണമാകുമെന്ന് കുറേ നാളാ!യി വിചാരിക്കുന്നു.
അവസാനം ഞങ്ങളുടെ ഓഫീസുമുറികള്‍ക്കും ഗേറ്റിനും മുന്നില്‍ സമരമെന്ന പേരില്‍ കാവല്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളോട് ഗതികെട്ട് കെഞ്ചിയിട്ടുണ്ട്. ഒരു അഞ്ച് മിനിട്ട് ആ ഓഫീസിലൊന്ന് കയറി പ്രധാനപ്പെട്ട ചില രേഖളോ പുസ്തകങ്ങളോ ഹാര്‍ഡ് ഡിസ്‌കുകളോ എടുത്തോട്ടെ എന്ന്.
ഞങ്ങളുടെ അപേക്ഷ വിരളമായി സമ്മതിച്ചാല്‍പ്പോലും ചില വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ക്കൊപ്പം കൂടെവന്ന് നിരീക്ഷിയ്ക്കും. ചിലപ്പോള്‍ ക്രൂരമായി ആക്ഷേപിക്കും. പലപ്പോഴും എപ്പോഴെന്നറിയാതെ ഞങ്ങള്‍ കാത്തുനില്‍ക്കും. പല സമയത്തും ചില ഗവേഷണവിദ്യാര്‍ത്ഥികള്‍ ഞങ്ങളില്ലാതെ ഞങ്ങളുടെ ഓഫീസില്‍ കയറി സാധനങ്ങള്‍ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. ഒരു അദ്ധ്യാപികയ്ക്ക് ഈ കാര്യങ്ങള്‍ പറയാന്‍ ഒരു ജനാധിപത്യവേദിയും ഇപ്പോഴില്ല. അത് സര്‍വകലാശാല അദ്ധ്യാപകസംഘടനയ്‌ക്കൊരു പ്രശ്‌നമേയല്ല. എന്നിട്ട് സദാസമയവും ജനാധിപത്യത്തെപ്പറ്റി ചര്‍ച്ചയും ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ജനാധിപത്യ ഇടത്തെപ്പറ്റി മുന്തിയ സംവാദങ്ങളുമാണ്‍!
ഈ ശീതകാലസെമസ്റ്ററില്‍ ജനുവരി ഒന്നുമുതല്‍ അഞ്ചുവരെ സമരം കൊണ്ട് പരീക്ഷയെഴുതാന്‍ കഴിയാതെപോയ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൌകര്യങ്ങള്‍ ഒരുക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. ആദ്യ രണ്ട് ദിവസം രജിസ്‌ട്രേഷന്‍ പതുക്കെയായിരുന്നു. അത് കഴിഞ്ഞ് അനേകം പേര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനെത്തി. കഴിഞ്ഞ മാസങ്ങളിലെ സമരം കൊണ്ട് പൊറുതിമുട്ടി തങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലായ പല ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളും പരീക്ഷകള്‍ക്ക് ഒരുങ്ങി.
പലരും അടുത്തകൊല്ലം ഗവേഷണബിരുദത്തിനായി മുന്നോട്ടുപോകുന്നവരായിരുന്നു. അവര്‍ക്കും, നാലാം സെമസ്റ്റര്‍ എം ഫില്‍ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ പ്രബന്ധം ഈ ജൂണോടൂ കൂടി സമര്‍പ്പിക്കണം. അവരെല്ലാം രജിസ്റ്റര്‍ ചെയ്യാനായെത്തി. പരീക്ഷകള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ സജീവമായി മുന്നോട്ടുപോയി. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഇതിനെ അനുകൂലിച്ചുണ്ടായിരുന്നു.
എന്നാല്‍ രജിസ്‌ട്രേഷന്‍ തുടരുന്നതോടെ സമരക്കാര്‍ക്ക് കിട്ടുന്ന പിന്തുണ കുറഞ്ഞുവന്നു. ആരും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യരുത്, എങ്ങനെയെങ്കിലും രജിസ്‌ട്രേഷന്‍ ഇല്ലാതാക്കണമായിരുന്നു അവര്‍ക്ക്.
അതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെയെല്ലാം മൂലകാരണം.
ഇന്നലെ പത്ത് മണിക്ക് ഞാന്‍ ഡീ!നിന്റെ ഓഫീസിലായിരുന്നു. അപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി രജിസ്‌ട്രേഷന്‍ തടയാനെത്തുന്നത് കണ്ടത് വലിയ ആഘാതമായിരുന്നു. അഞ്ച് മിനിട്ടിനകം അവിടം വിട്ടുപോയില്ലെങ്കില്‍ എല്ലാവരേയും പൂട്ടിയിടുമെന്ന് അവര്‍ ഭീഷണി മുഴക്കി. രജിസ്റ്റര്‍ ചെയ്യാന്‍ വന്ന ചില വിദ്യാര്‍ത്ഥികള്‍ അപ്പോള്‍ത്തന്നെ അവിടെയുണ്ടായിരുന്നു. ഏതാണ്ട് പതിനൊന്ന് മണിയോടെ ഇരുപത്ഇരുപത്തഞ്ച് അക്രമാസക്തരായ സ്റ്റുഡന്റ്‌സ് യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ (JNUSU) തിരമാല പോലെ ആ കെട്ടിടത്തിലേക്ക് ഇരച്ചുകയറി. തന്ത്രപരമായി ആണ്‍കുട്ടികള്‍ പുറത്ത് നില്‍ക്കുകയും അവരിലെ പെണ്‍കുട്ടികള്‍ അകത്ത് കയറി രജിസ്‌ട്രേഷനു വന്ന ഓഫീസ് ജീവനക്കാരേയും വിദ്യാര്‍ത്ഥികളേയും ഭീഷണിപ്പെടുത്താനും ചീത്തവിളിക്കാനും പീഡിപ്പിക്കാനും തുടങ്ങി.
വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും അകത്തിട്ട് അവര്‍ വാതില്‍ തടഞ്ഞു നിന്നു. ഞങ്ങളുടെ സെന്ററില്‍ നിന്ന് രജിസ്‌ട്രേഷനു വന്ന നാലു ഗവേഷകവിദ്യാര്‍ത്ഥികള്‍ സുമന്‍, സന്തു, ശുബോമോയ്, അരുപ് എന്നീ വിദ്യാര്‍ത്ഥികള്‍ ഞങ്ങള്‍ ജീവനക്കാരേയും അദ്ധ്യാപകരേയും സമരക്കാര്‍ ആക്രമിയ്ക്കാതെ ഞങ്ങള്‍ക്ക് മറയായി നിന്നു. ആ വിദ്യാര്‍ത്ഥികള്‍ ഒരു രാഷ്ട്രീയസംഘടനയിലും അംഗങ്ങളല്ല.
എല്ലാ വിദ്യാര്‍ത്ഥികളും വീഡിയോ എടുക്കുന്നുണ്ടായിരുന്നു ആ സമയം. നാലഞ്ച് വിദ്യാര്‍ത്ഥിനികള്‍ ശുബോമോയില്‍ നിന്ന് മൊബൈല്‍ തട്ടിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് അവനെ ആക്രമിക്കാന്‍ തുടങ്ങി. കോളറില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും ഇടിക്കുകയും ചീത്തവിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിന്റെ വീഡിയോ എടുത്തതിനു സന്തുവിനേയും അടിയ്ക്കുകയും ചീത്തവിളിക്കുകയും ചെയ്തു. അവന്റെ ജാക്കറ്റ് വലിച്ചുകീറി. അരൂപിനെ തെറി വിളിച്ചുകൊണ്ട് അര മണിക്കൂറോളം ആ വിദ്യാര്‍ത്ഥിനികള്‍ ഇടിച്ചു. അവന്റെ മൊബൈല്‍ ആരോ തട്ടിയെടുത്തു. ഒരു എതിര്‍പ്പുമില്ലാതെ, അക്രമത്തില്‍ നിന്ന് അദ്ധ്യാപകരേയും ജീവനക്കാരേയും സംരക്ഷിച്ചു നിന്ന, യാതൊരു കുറ്റവും ചെയ്യാത്ത, രജിസ്‌ട്രേഷനു വന്ന വിദ്യാര്‍ത്ഥികളെയാണ് ഈ ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്‍കാര്‍ ഈ വിധം ആക്രമിച്ചത്.
അരൂപിനെ ആ പെണ്‍കുട്ടികളുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെടുത്തിയപ്പോള്‍ അവന്‍ മാനസികവും ശാരീരികവുമായ ആഘാതത്താല്‍ ആലില പോലെ വിറയ്ക്കുകയും നിലവിളിയ്ക്കുകയായിരുന്നു. പരാതി നല്‍കുന്നതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുന്നത് കേട്ട അവര്‍, ഇതെങ്ങാനും പോലീസില്‍ പരാതിപ്പെട്ട് എഫ് ഐ ആര്‍ നല്‍കിയാല്‍ അരൂപും കൂട്ടരും വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ആക്രമിച്ചു എന്ന് പരാതി നല്‍കും എന്ന് ആക്രോശിച്ചു ഭീഷണിപ്പെടുത്തി. ഈ കശ്മലതയുടേയും വൃത്തികേടിന്റേയും തെമ്മാടിത്തത്തിന്റേയും തീവ്രതയാല്‍ ഞങ്ങള്‍ ഞെട്ടിത്തരിച്ചു പോയി.
ജെ എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്‍കാരോടൊപ്പം വന്ന ചില വിദ്യാര്‍ത്ഥികള്‍ മുഖം മൂടി ധരിച്ച് അവിടെയെല്ലാം നില്‍പ്പുണ്ടായിരുന്നു. അത് കണ്ട ഞങ്ങള്‍ക്ക് അത് ഞങ്ങളുടെ കുട്ടികളല്ല, ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളാണെന്ന് അപ്പൊഴേ സംശയം തോന്നിയിരുന്നു.
ആ സമയത്തൊന്നും ഒരൊറ്റ എബിവിപി വിദ്യാര്‍ത്ഥി പോലും അവിടെയില്ലായിരുന്നു.
പിന്നീടാണ് വൈകുന്നേരം ഏതാണ്ട് അഞ്ച് മണിയോടെ നൂറുകണക്കിനു മുഖം മൂടി ധരിച്ച വിദ്യാര്‍ത്ഥികള്‍ വലിയ ദണ്ഡകളും കല്ലുകളും വടികളുമായി ഹോസ്റ്റലുകളിലേക്ക് ഇരച്ചുകയറിയത്. അതിനുശേഷം ഞങ്ങള്‍ കേട്ടത് തപ്തി, സബര്‍മതി, കൊയെന്ന എന്നിവയും വേറൊരു ഹോസ്റ്റലും ആക്രമിക്കപ്പെട്ടു എന്നാണ്. ഹോസ്റ്റലുകളിലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പരിക്കുപറ്റി. ചിലര്‍ സംഭവസ്ഥലത്തു നിന്ന് ഓടി. ചിലരെ കാണാനില്ല. ഉടന്‍ തന്നെ എല്ലാ വിധ അക്രമത്തിന്റേയും ക്രൂരതയുടേയും രക്തത്തിന്റേയും പരിക്കുകളുടേയും വാര്‍ത്തകളും വിഡിയോകളും പുറത്തുവന്നു. ഞാന്‍ ആറു മണിയോടെ അവിടെനിന്നും പോയി. അതിനുശേഷം നടന്നതിന് ഞാന്‍ സാക്ഷിയായില്ല.
ഞങ്ങളുടെ മുതിര്‍ന്ന അദ്ധ്യാപകനും സഹപ്രവര്‍ത്തകനുമായ പ്രൊഫസര്‍ സുചിത്ര സെന്‍ ഗുരുതരമായി പരിക്കേറ്റതില്‍ അതിയായ ദേഷ്യമുണ്ട്, ഞങ്ങളുടെ കരുതലില്ലാത്ത വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വലിയ ആശങ്കയുമുണ്ട്. കാരണം ആരും സഹായിക്കാനില്ലാത്ത രാഷ്ട്രീയമൊന്നുമില്ലാത്ത പാവങ്ങളെയാണ് എപ്പോഴും ആക്രമണത്തില്‍ ഇരകളാക്കാന്‍ എളുപ്പം.
ഈ സര്‍വകലാശാല ഞങ്ങളെ ബഹുസ്വരതയെ, വിവിധ അഭിപ്രായ വ്യത്യാസങ്ങളെ, സഹവര്‍ത്തിത്തത്തിനെ, സമതയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നു എന്ന് വിശ്വസിക്കാനെനിയ്ക്ക് പ്രയാസമാണ്. എനിയ്ക്കറിയാവുന്ന, ഞാന്‍ അഭിമാനിച്ചിരുന്ന, അംഗമായതില്‍ അഹങ്കരിച്ചിരുന്ന സര്‍വകലാശാല ഇതല്ല.









Discussion about this post