കൊല്‍ക്കത്തയിലെ പ്രമുഖ സര്‍വ്വകലാശാലയായ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ യൂണിറ്റില്‍ നിന്ന് കൂട്ട രാജി. പെണ്‍കുട്ടികളടക്കം 31 പേരാണ് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നിവര്‍ക്ക് രാജിക്കത്ത് നല്‍കിയത്. ലൈംഗികമായ അധിക്ഷേപമുള്‍പ്പടെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് രാജിയ്ക്ക് കാരണമായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നത്.
നേതൃത്വത്തിന് നല്‍കിയ ആറ് പേജുള്ള കത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. മാനഭംഗത്തിനെതിരെയും ലൈംഗിക പീഡനത്തിനെതിരെയും ഉള്ള പരാതികള്‍ എസ്എഫ്‌ഐ നേതൃത്വം അവഗണിച്ചുവെന്നതാണ് കത്തിലെ പ്രധാന വിമര്‍ശനം.
എസ്എഫ്‌ഐ നേതൃത്വത്തില്‍ സമ്പൂര്‍ണമായ പുരുഷാധിപത്യമാണ് ഉള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് അനീതിപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. ലിംഗം, ജാതി, എന്നിവയുടെ പേരില്‍ വിവേചനം, മോറല്‍ പോലിസിംഗ്, തുടങ്ങിയവയാണ് രാജിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്ന മറ്റ് വിഷയങ്ങള്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ സിപിഎം നേതൃത്വം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
സംഘടനയ്ക്കുള്ളില്‍ ജനാധിപത്യമില്ലെന്ന് മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി ജയദീപ് ദാസ് പറഞ്ഞു. എസ്എഫ്‌ഐ അവര്‍ മുന്നോട്ട് വച്ച മുദ്രാവാക്യങ്ങളില്‍ നിന്ന് പിന്നോട്ട് പോയിരിക്കുന്നു. ഇപ്പോള്‍ അവരുടേത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് -ദാസ് വിശദീകരിച്ചു. വിഷയത്തില്‍ സിപിഎം നേതൃത്വം എസ്എഫ്‌ഐയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്കും യൂണിയന്‍ നേതാക്കളടക്കം കുറ്റക്കാരാണെന്നആരോപണമാണ് രാജിവച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. എന്നാല്‍, സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനു പെണ്‍കുട്ടികള്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്നും അവരെ പുറത്താക്കാന്‍ സംഘടന ഒരുങ്ങിയതു മൂലമാണ് രാജിയെന്നുമാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ ന്യായീകരണം.








Discussion about this post