സൗരയൂഥത്തില്‍ ഭൂമിയിലല്ലാതെ സജീവ അഗ്‌നിപര്‍വതങ്ങളുണ്ടെന്ന അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ യൂണിവേഴ്‌സിറ്റീസ് സ്‌പേസ് റിസര്‍ച്ച് അസോസിയേഷന്‍. ദിവസങ്ങള്‍ക്കു മുന്‍പ്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഉപഗ്രഹമായ വീനസ് എക്‌സ്പ്രസ് എടുത്ത ചിത്രങ്ങളില്‍ ശുക്രനിലെ അഗ്‌നിപര്‍വ്വതമായ ഇഡുണ്‍ മോണ്‍സിന് സമീപം ഒഴുകിപ്പരന്നു കിടക്കുന്ന ലാവയ്ക്ക് കാലപ്പഴക്കം വളരെ കുറവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നു നടന്ന പഠനങ്ങളാണ് ശുക്രനില്‍ ഇപ്പോഴും സജീവ അഗ്‌നിപര്‍വതങ്ങളുണ്ടെന്ന ബഹിരാകാശ ശാസ്ത്രജ്ഞരുടെ ഈ നിഗമനത്തിന് കാരണം.
ലാവയില്‍ നിന്നും പ്രവഹിക്കുന്ന താപവികിരണങ്ങളുടെ ഇന്‍ഫ്രാറെഡ് ചിത്രങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അവയ്ക്ക് നേരിയ കാലപ്പഴക്കം മാത്രമേയുള്ളൂവെന്ന് അന്വേഷണ സംഘം കണ്ടെത്തി. വളരെ സമീപകാലത്തും അഗ്‌നിപര്‍വ്വത സ്‌ഫോടനം ഉണ്ടായിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും ഇനിയും സജീവ അഗ്‌നിപര്‍വതങ്ങള്‍ ശുക്രനില്‍ ഉണ്ടായേക്കാമെന്നും, അങ്ങനെയാണെങ്കില്‍ ഗ്രഹങ്ങളുടെ അന്തര്‍ഭാഗത്തെ കുറിച്ച് പഠിക്കാന്‍ ഈ കണ്ടെത്തല്‍ വളരെയധികം സഹായിക്കുമെന്നും ഗ്രഹഗവേഷണ വിഭാഗത്തിന്റെ തലവനായ ഡോ:ജസ്റ്റിന്‍ ഫിലിബെര്‍ട്ടോ വെളിപ്പെടുത്തി.
നാസയുടെ ഗവേഷണ ഉപഗ്രഹമായ മെഗല്ലന്‍, തൊണ്ണൂറുകളുടെ ആദ്യത്തില്‍ തന്നെ ശുക്രനില്‍ അഗ്‌നിപര്‍വ്വതങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.പക്ഷേ, അവ സജീവമാണോ അതോ നിര്‍ജീവമാണോ എന്ന് ശാസ്ത്രലോകത്തിന് ഇതു വരെയും അജ്ഞാതമായിരുന്നു.
അമേരിക്കയിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത ബഹിരാകാശ ഗവേഷണ കേന്ദ്രമായ യു.എസ്.ആര്‍.എ യില്‍ നാനൂറിലധികം സര്‍വകലാശാലകള്‍ അംഗങ്ങളായുണ്ട്.












