ഡൽഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനം വ്യാപിപ്പിക്കുന്നതായി ഡൽഹി പൊലിസ്. ഐ എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത മൂന്ന് പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡൽഹി പൊലീസിന് ഈ വിവരം ലഭിച്ചിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭീകര സംഘടനകൾ യോഗം ചേർന്നിരുന്നതായും പിടിയിലായവർ ഡൽഹി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പതിനൊന്ന് പേരെക്കുറിച്ച് കൂടി ഡൽഹി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഉടൻ പിടിയിലാകുമെന്നാണ് സൂചന. യോഗങ്ങളുടെ മുഖ്യ സംഘാടകനായ ഭീകരനെ തേടി ഡൽഹി പൊലീസിന്റെ വിവിധ സംഘങ്ങൾ കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കളിയിക്കാവിളയിൽ എ എസ് ഐയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭീകരവാദ ബന്ധം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിലെ മുഖ്യപ്രതികളായ ഷമീമിനെയും തൗഫീഖിനെയും പിടികൂടാനും ഡൽഹി പൊലീസ് ശ്രമിക്കുന്നുണ്ട്. ഇവർക്ക് പുറമെ നാലോളം ഭീകരർ കൂടി കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന് തമിഴ്‌നാട് സുരക്ഷാ ഏജന്‍സി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കേരളത്തിലേക്കു കടന്ന സംഘത്തിന്റെ കൈവശം ആയുധങ്ങളുണ്ടെന്നും ദക്ഷിണേന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ഇവര്‍ മാസളായി തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികൾ റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം ഭീകരവാദ ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായ മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാൻ ഉത്തർ പ്രദേശ് പൊലീസിന്റെയും മഹാരാഷ്ട്ര പൊലീസിന്റെയും ഭീകരവിരുദ്ധ സംഘങ്ങൾ ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.
Discussion about this post