ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ അഞ്ചാം തീയതി ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചതായി സർവ്വകലാശാല അറിയിച്ചു, പ്രൊഫസർമാരായ ശശാന്ത് മിശ്ര, മാസർ ആസിഫ്, സുധീർ പ്രതാപ് സിംഗ്, ഭസ്വതി ദാസ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
അനധികൃതമായി ആരെങ്കിലും ഹോസ്റ്റലിൽ തങ്ങുന്നതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർവ്വകലാശാല വാർഡന്മാർക്ക് നിർദ്ദേശം നൽകി. ഇത് സർവ്വകലാശാലയുടെ സുരക്ഷ വർദ്ധിപ്പിക്കാനാണെന്നും അധികൃതർ വ്യക്തമാക്കി. സർവ്വകലാശാലയിലെ അതിക്രമങ്ങളിൽ പുറത്ത് നിന്നെത്തിയവർക്ക് പങ്കുണ്ടാകാമെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് ഇത്.
അതേസമയം സർവ്വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങളിൽ പങ്കുള്ളതായി സംശയിക്കുന്ന ഒൻപത് പേരുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് പുറത്തു വിട്ടിരുന്നു. സർവ്വകലാശാല യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള ഏഴ് ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ ഇതിൽ ഉൾപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
Discussion about this post