കോലഞ്ചേരി: തൊടുപുഴ സ്വദേശികളായ നാലംഗ കുടംബം സഞ്ചരിച്ച കാര്‍ മാമലയിലെ പാറമടയ്ക്കുളളില് ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍ പെട്ടു. കാറിലുണ്ടായിരുന്ന നാല് പേര് മരിച്ചു
തൊടുപുഴ ആദിത്യ വട്ടവളയില് വിജു. വി.വി (41) ഭാര്യ ഷീബ (36), മക്കളായ മീനാക്ഷി (7), സൂര്യ (4) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മാമലക്കടുത്ത് ശാസ്താംമുകളിലെ പാറമടയിലാണ് വാഹനം വീണത്. രാവിലെ എട്ടോടെ ഇതുവഴി വന്ന പരിസരവാസികളാണ് സ്ത്രീയുടെ മൃതദേഹവും കാറിന്റെ ടയറും വെളളത്തിനു മുകളില്‍ പൊങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദേശീയ പാതയില്‍ നിന്നും തുടങ്ങുന്ന പാലച്ചുവട് എന്‍എസ്എസ് കരയോഗം റോഡില്‍ മടയുടെ മധ്യഭാഗത്തായി സ്വകാര്യ വ്യക്തി സ്ഥാപിച്ചിരുന്ന സുരക്ഷ വേലി പൊളിഞ്ഞ നിലയില്‍ കണ്ടതാണ് വാഹനം മടക്കുളളിലുണ്ടെന്ന നിഗമനത്തില്‍ എത്തിയത്.
ഏകദേശം 50 മീറ്ററിലധികം താഴ്ചയില്‍ വെളളം നിറഞ്ഞതാണ് പാറമട. ദേശീയ പാത വഴി പോയ വാഹനം അബദ്ധത്തിലോ മറ്റപകടത്തിലോ പെട്ട് മടയില്‍ പോയതാകാനുളള സാധ്യതയില്ലെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. വാഹനം സുരക്ഷ വേലി പൊളിഞ്ഞ ഭാഗത്ത് എത്താനുളള സാധ്യതയില്ലെന്നും പോലീസ് കരുതുന്നു. ഞായറാഴ്ച രാത്രി 10നു ഇതുവഴി പോകുമ്പോള്‍ സുരക്ഷ വേലി പൊളിഞ്ഞിരുന്നില്ലെന്ന് അയല്‍വാസി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അപകടം നടന്നത് രാത്രി വൈകിയാണെന്ന നിഗമനത്തിലാണ് ഇതെത്തിക്കുന്നത്. ചോറ്റാനിക്കര പോലീസും, തൃപ്പൂണിത്തുറയില്‍ നിന്നുളള ഫയര്‍ ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
എറണാകുളത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ടാറ്റാ സഫാരി കാറില്‍ നാലംഗ കുടുംബം പോന്നതെന്നാണ് സ്ഥലത്തെത്തിയ ബന്ധുക്കള്‍ പറയുന്നത്. കട്ടപ്പനയില്‍ ജല അതോറിറ്റി അസിസ്റ്റന്റ് എന്‍ജീനയറാണ് വിജു. രാത്രി 10.30 വരെ ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
Discussion about this post