ബംഗളൂരു: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയാല്‍ രാജ്യത്തെ ഒരു മതവിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും ചിലര്‍ രാഷ്ട്രീയപ്രേരിതമായി തെറ്റിദ്ധാരണ പരത്തുകയുമാണെന്ന് നാഷനല്‍ ക്രിസ്ത്യന്‍ ഫോറം ചെയര്മാന് ടോം വടക്കന്‍. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ പീഡനമനുഭവിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത്. ഇതിലൂടെ രാജ്യത്തെ മറ്റു ന്യൂനപക്ഷ മതവിഭാഗത്തിലുള്ളവര്‍ക്ക് യാതൊന്നും നഷ്ടപ്പെടില്ല. ബംഗളൂരുവില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം വ്യക്തമാക്കിയത്.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അനാവശ്യമായി തെറ്റിദ്ധാരണ പരത്തുകയാണെന്നും ടോം വടക്കന്‍ പറഞ്ഞു. സമരങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, അക്രമസമരങ്ങള്‍ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുകയാണ്. രാജ്യത്തെ സാമ്പത്തിക, വിനോദസഞ്ചാര മേഖലകളില്‍ കടുത്ത പ്രത്യാഘാതങ്ങളാണ് ഇത്തരം സമരങ്ങളുണ്ടാക്കുക. ക്രിസ്ത്യന്‍ പുരോഹിതന്മാരുമായി പൗരത്വഭേദഗതി നിയമങ്ങള്‍ ചര്‍ച്ചചെയ്തുവരുകയാണ്. ഉത്തരേന്ത്യയിലെ പുരോഹിതരുമായി കൂടിക്കാഴ്ച നടത്തി പൗരത്വ നിയമത്തെക്കുറിച്ചുള്ള വസ്തുതകള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പുരോഹിതരുമായും ബന്ധപ്പെട്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കനകപുരയില്‍ ക്രിസ്തുപ്രതിമ നിര്‍മിക്കാനുള്ള നീക്കം മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിനുപിന്നില്‍ ആരാണെന്നത് വ്യക്തമാണ്. ഇക്കാര്യത്തില്‍ സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും ടോം വടക്കന്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ക്രിസ്ത്യന്‍ ഫോറം സെക്രട്ടറി അനൂപ് ജോസഫ്, കെന്നഡി ശാന്താറാം, ജെയ്ജോ ജോസഫ് എന്നിവരും പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ടോം വടക്കന്‍ ഉള്‍പ്പെടെയുള്ള നാഷനല്‍ ക്രിസ്ത്യന്‍ ഫോറം ഭാരവാഹികള്‍ ബംഗളൂരു ബിഷപ് ഹൗസില്‍ വിവിധ സഭകളിലെ പുരോഹിതരുമായി ചര്‍ച്ച നടത്തി.
Discussion about this post