തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സെന്‍സസുമായി സഹകരിക്കേണ്ടെന്ന ആഹ്വാനം ഭരണഘടനാവിരുദ്ധവും നിയമലംഘനത്തിനുള്ള പ്രേരണയുമാണെന്ന് ബിജെപി. മന്ത്രിസഭയുടെ ആഹ്വാനം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും സെന്‍സസ് പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും പാര്‍ട്ടി വക്താവ് എം.എസ്.കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെന്‍സസുമായി സഹകരിക്കേണ്ടെന്ന നിലപാട് കേന്ദ്ര സര്‍ക്കാരിനോടുള്ള യുദ്ധപ്രഖ്യാപനമായി കാണേണ്ടിയിരിക്കുന്നു. ജനങ്ങളെ ബന്ദിയാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളോട് നിസ്സഹകരിക്കാന്‍ പറയുന്നതിന് പകരം സംസ്ഥാന സര്‍ക്കാരിന് തങ്ങളുടെ ഉദ്യോഗസ്ഥരെ സെന്‍സസ് പ്രവര്‍ത്തനത്തിന് വിട്ടുകൊടുക്കുന്നില്ലെന്നു പ്രഖ്യാപിക്കാത്തത് എന്താണെന്നും എം.എസ്. കുമാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു.
സെന്‍സസ് രാഷ്ട്രീയ പരിപാടിയല്ല. അതില്‍ സഹകരിക്കാതിരിക്കുകയെന്നത് ക്രിമിനല്‍ കുറ്റമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചു വരുത്തുന്നതാണ് സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം. ഭവിഷ്യത്തുകളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന മന്ത്രിസഭയ്ക്കായിരിക്കുമെന്നും കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post