ഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ക്കു നിയമപരമായി സ്വീകരിക്കാവുന്ന തുടര്‍നടപടികള്‍ സംബന്ധിച്ച മുന്‍ ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നിര്‍ഭയ കേസില്‍, കുറ്റവാളികളുടെ ഹര്‍ജികള്‍ നിമിത്തം വധശിക്ഷ നടപ്പാക്കുന്നത് നീണ്ടുപോവുന്ന സാഹചര്യത്തിലാണ് ഹര്‍ജി.
പുനഃപ്പരിശോധനാ ഹര്‍ജികള്‍ തള്ളിയ കേസുകളില്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതിന് സമയപരിധി നിശ്ചയിക്കുക, മരണവാറണ്ട് പുറപ്പെടുവിച്ച് ഏഴു ദിവസത്തിനകം ദയാഹര്‍ജി നല്‍കണമെന്ന് നിര്‍ദേശം നല്‍കുക, ദയാഹര്‍ജി തള്ളി പതിനാലു ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്നു നിര്‍ദേശിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
നിര്‍ഭയ കേസില്‍ മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെ പ്രതികളില്‍ ഒരാള്‍ ദയാഹര്‍ജി നല്‍കിയതിനാല്‍ വധശിക്ഷ നടപ്പാക്കാനായിരുന്നില്ല. ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിനു പിറ്റേന്ന്, കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുകേഷ് സിങ്ങ് ആണ് രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി, മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു.
അതേസമയം ദയാഹര്‍ജി പരിഗണനയില്‍ ഇരിക്കുമ്പോള്‍ വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ജയില്‍ അധികൃതര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച് ദയാഹര്‍ജി തള്ളിയ കാര്യം പ്രതിയെ അറിയിച്ച് പതിനാലു ദിവസത്തിനു ശേഷമേ വധശിക്ഷ നടപ്പാക്കാനാവൂ.
ഒരു കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്നും ജയില്‍ ചട്ടം നിര്‍ദേശിക്കുന്നുണ്ട്. പ്രതികള്‍ ഓരോരുത്തരായി ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത് വധശിക്ഷ നടപ്പാക്കുന്നതിന് ഈ ചട്ടപ്രകാരവും തടസമാവുന്നുണ്ട്. ഇതു നിയമവൃത്തങ്ങളില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
2014-ലെ ശത്രുഘ്‌നന്‍ ചൗഹാന്‍ കേസിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കുറ്റവാളിക്കു നിയമപരമായ പരിഹാരം തേടുന്നതിനുള്ള സാധ്യതകളില്‍ കേന്ദ്രീകരിച്ചാണെന്ന് ആഭ്യന്തര മന്ത്രാലയം ഹര്‍ജിയില്‍ പറയുന്നു. ഇതു മാറ്റി കുറ്റകൃത്യത്തിന് ഇരയായ ആള്‍ക്കു നീതി ലഭിക്കുന്നതിനുള്ള സാധ്യതകളില്‍ ഊന്നിയാവണം മാര്‍ഗനിര്‍ദേശങ്ങള്‍ എന്നാണ് ആവശ്യം.
Discussion about this post