കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കേസില്‍ സിപിഎമ്മില്‍ പരസ്യ പൊട്ടിത്തെറി. അലന്‍ ഷുഹൈബും, താഹയും മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന പിണറായി വിജയന്റെയും, പി ജയരാജന്റെയും നിലപാടുകളെ തള്ളി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തി.
അവരുടെ ഭാഗം കേട്ടിട്ടേ മാവോയിസ്റ്റുകള്‍ എന്ന് പറയാന്‍ പറ്റൂ. മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടോ എന്ന് പരിശോധിക്കുകയാണ്. അവര്‍ക്ക് മാവോയിസ്റ്റ് ആശയങ്ങളോട് താല്‍പര്യമുണ്ടെങ്കില്‍ തിരുത്തുകയായിരുന്നു വേണ്ടതെന്നും പി മോഹനന്‍ പറയുന്നു. അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തുവരാനാണ് ആഗ്രഹം. അലന്‍ താഹ വിഷയത്തില്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അലനും താഹയ്ക്കുമെതിരെ ഇതുവരെ പാര്‍ട്ടി നടപടിയൊന്നും എടുത്തിട്ടില്ല. പി ജയരാജന്‍ പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും പി. മോഹനന്‍ പറഞ്ഞു.
യു.എ.പി.എ ചുമത്തുന്നതിനോട് ഇടതുപക്ഷ ജനാധിപത്യമുന്നണിയ്‌ക്കോ സി.പി.ഐ.എമ്മിനോ യോജിപ്പില്ല. അവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അവരുടെ ഭാഗം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ ഇപ്പോള്‍ ഒരു സംവിധാനവും ഇല്ലെന്നും മോഹനന്‍ പറയുന്നു. നേരത്തെ അലനെയും താഹയേയും വെറുതെ അറസ്റ്റ് ചെയ്തതല്ലെന്നും, ഇരുവര്‍ക്കുമെതിരെ തെളിവുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതിനെ പിന്തുണക്കുന്ന നിലപാടാണ് പി ജയരാജനും സ്വീകരിച്ചത്.
Discussion about this post