ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി എഡിറ്റോറിയല്‍ പേജിലാണ് ഗാന്ധി വധത്തിന് മുന്‍പ് ഗോഡ്സെ തോക്കുമായി ഗാന്ധിജിയ്ക്ക് മുന്നില്‍ നില്ക്കുന്ന ലോകത്തൊരു ഫോട്ടോഗ്രാഫര്‍ക്കും ഇന്നുവരെ ലഭിച്ചിട്ടില്ലാത്ത ഫോട്ടോ ഉള്ളത്. ഗാന്ധിജിയ്ക്ക് മുന്നിലെത്തിയ ഗോഡ്സെ വെടി ഉതിര്‍ത്തതും താഴെ വീണതും സെക്കന്റുകള്‍ കൊണ്ട് കഴിഞ്ഞു, പക്ഷേ മാതൃഭൂമിയ്ക്ക് ലഭിച്ച അല്ലെങ്കില്‍ മാതൃഭൂമിയ്ക്ക് പ്രസിദ്ധീകരിച്ച ഫോട്ടോയില്‍ ഈ അപൂര്‍വ്വ നിമിഷം കാണാം.
വധത്തിന് തൊട്ട് മുന്‍പ് ഗോഡ്സെ തോക്കുമായി ഗാന്ധിജിയ്ക്ക് മുന്നില്‍ എന്നാണ് ഫോട്ടോയുടെ അടിക്കുറിപ്പ്. ഇങ്ങനെയൊരു ചിത്രം ഗാന്ധിവധവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുണ്ടോ എന്ന് ഒരു കൊച്ച് കുട്ടിയ്ക്ക് പോലും സംശയം തോന്നാവുന്ന ഫോട്ടോ മാതൃഭൂമി പക്ഷേ യാതൊരു സംശയവുമില്ലാതെ ഒറിജിനല്‍ എന്ന മട്ടിലാണ് അച്ചടിച്ചിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോ 1963ല്‍ ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഇറങ്ങിയ ‘നൈന്‍ ഹവേഴ്സ് ടു രാമ’ എന്ന ചിത്രത്തിലേതാണ്. 1964ല്‍ ഈ സിനിമ മികച്ച ബ്രിട്ടീഷ് ഛായാഗ്രാഹകനുള്ള ബഫ്ത്ത പുരസ്ക്കാരം നേടിയിരുന്നു. ഹോസ് ബുച്ചാലസ് എന്ന നടനാണ് ഗോഡ്സെയുടെ വേഷം അഭിനയിച്ചത്. മാര്‍ക്ക് റോബ്സണ് സംവിധാനം ചെയ്ത ചിത്രം ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗോഡ്സെയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. അമേരിക്ക, ബ്രിട്ടന്, സ്വീഡന്, ഫ്രാന്‍സ്, വെസ്റ്റ് ജര്‍മ്മനി, ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്തിരുന്നതായും ഉള്ള വിവരങ്ങള്‍ ലഭ്യമാണ്. ചിത്രത്തിന്റെ പ്രദര്‍ശനം ഇന്ത്യയില്‍ നിരോധിച്ചതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.
നേരത്തെ തന്നെ ഗാന്ധി വധത്തിന്റെ യഥാര്‍ത്ഥ ഫോട്ടോ എന്ന നിലയില്‍ ഈ ചിത്രം പ്രചരിച്ചിരുന്നു. ഇക്കാര്യം വലിയ ചര്‍ച്ചയാവുകയും ചെയ്തു. തുടര്‍ന്ന് ഫോട്ടോ സിനിമയിലെ ദൃശ്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളൊന്നും അറിയാതെയാണ് ഗാന്ധിജിയുമായി ബന്ധപ്പെട്ട ലേഖനത്തിന് മുകളില്‍ യാഥാര്‍ത്ഥ ചിത്രം എന്ന നിലയില്‍ മാതൃഭൂമി ‘ഗാന്ധി വധത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചരിത്രം നമുക്ക് മാപ്പ് തരുമോ എന്ന പേരില്‍ ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ പത്രത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ എം.പി വീരേന്ദ്രകുമാറാണ് ലേഖനം എഴുതിയിരിക്കുന്നത്.. രാഷ്ട്രപിതാവിന്റെ പൈതൃകത്തെ എതിര്‍ക്കാന്‍ ഗോഡ്സെയെ പുണ്യവാളനാക്കേണ്ടതുണ്ടോ എന്ന് ചോദിക്കുന്ന ലേഖനം ഗാന്ധി വധവും ആര്‍എസ്എസുമായുള്ള ബന്ധവും പരാമര്‍ശിക്കപ്പെടുന്നുണ്ട്.
സിനിമയിലെ രംഗം ഗാന്ധിവധത്തിന്റെ യഥാര്‍ത്ഥ ചിത്രം എന്ന നിലയില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത് വലിയ തെറ്റ് തന്നെയാണെന്ന് മാധ്യമരംഗത്തുള്ളവര്‍ പറയുന്നു. ലേഖനം പ്രസിദ്ധീകരിച്ചത് മാതൃഭൂമിയും എഴുതിയത് വീരേന്ദ്രകുമാറും ആയതിനാല്‍ ലേഖനത്തിന്റെ തലക്കെട്ട് (ചരിത്രം നമുക്ക് മാപ്പ് തരുമോ..)ഉചിതമായെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post