കൊച്ചി: എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്കാന് എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി ഹൈക്കോടതി. നിയന്ത്രണങ്ങളോടെ മാത്രം വെടിക്കെട്ടിന് അനുമതി നല്കിയാല് മതിയെന്നാണ് ജില്ലാ കളക്ടറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും ശക്തി കൂടിയ തരം പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ദേവസ്വം ബെഞ്ചാണ് കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
നേരത്തെ എറണാകുളത്തപ്പന് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്താന്‍ അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ നല്കിയ അപേക്ഷ കളക്ടര്‍ തള്ളിയിരുന്നു. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്. അഞ്ച്, ഏഴ് തീയതികളില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം. എന്നാല്‍ പോലിസ്, ഫയര്‍ഫോഴ്സ്, റവന്യു എന്നീ വകുപ്പുകളുടെ പരിശോധനയില്‍ ക്ഷേത്ര പരിസരത്ത് വെടിക്കെട്ട് നടത്തുന്നത് സുരക്ഷിതമല്ലെന്നും, സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നും കണ്ടെത്തിയിരുന്നു.
കളക്ടറുടെ തീരുമാനത്തിനെതിരെ ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, തീരുമാനമെടുക്കാന്‍ കളക്ടറെ തന്നെ കോടതി ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അപേക്ഷയില്‍ അനുമതി നല്‍കേണ്ടതില്ലെന്ന് വീണ്ടും കളക്ടര്‍ തീരുമാനിച്ചതോടെയാണ് ക്ഷേത്രം അധികൃതര്‍ വീണ്ടും കോടതിയെ സമീപിച്ചത്.
Discussion about this post