പണമിടപാടും, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ നടന്‍ വിജയ് കുടുങ്ങുമെന്ന് സൂചന നല്‍കി ആദായ നികുതി വകുപ്പ്. വിജയിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ വരെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. പിടിച്ചെടുത്ത രേഖകളില്‍ ഏറെ വൈരുദ്ധ്യമുണ്ടെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.
ബിഗില്‍ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട രേഖകള്‍ തമ്മിലും വൈരുദ്ധ്യമുണ്ട്. നിര്‍മ്മാതാക്കളില്‍ നിന്നും പിടിച്ചെടുത്ത രേഖകളിലും, നടനില്‍ നിന്ന് കിട്ടിയ രേഖകളിലും വ്യത്യസ്ത സംഖ്യയാണ് പ്രതചിഫലമായി രേഖപ്പെടുത്തിയിരിക്കുന്നത്.
വിജയ്‌യുടെ ചെന്നൈയിലെ വസതികളിലും പരിശോധന നടന്നു. സാലിഗ്രാമത്തും നീലാങ്കരയിലുമുള്ള വീടുകളിലാണു തിരച്ചില്‍ നടന്നത്. കൂടല്ലൂര്‍ ജില്ലയിലെ നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്റെ സ്ഥലത്ത് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരെത്തി വിജയ്ക്ക് നോട്ടിസ് നല്‍കിയത്.
ഷൂട്ടിങ് ലൊക്കേഷനിലെത്തി ചോദ്യം ചെയ്തശേഷം വിശദമായ ചോദ്യം ചെയ്യുന്നതിനു താരത്തോടു ചെന്നൈ ആദായനികുതി ഓഫിസില്‍ നേരിട്ടു ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണു ഷൂട്ടിങ് അവസാനിപ്പിച്ചു നടന്‍ ചെന്നൈയിലേക്കു തിരിച്ചത്.
സിനിമാ നിര്‍മാണത്തിനു ഫണ്ട് നല്‍കുന്ന അന്‍പു ചെഴിയന്റെ മധുരയിലെ ഓഫിസിലും പരിശോധന നടന്നു. നികുതിവെട്ടിപ്പ് സൂചിപ്പിക്കുന്ന നിരവധി രേഖകള്‍ പല സ്ഥലങ്ങളില്‍നിന്നായി പിടിച്ചെടുത്തതായാണു വിവരം.
വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിക്കുന്ന ആരാധകര്‍ സംയമനം പാലിക്കണമെന്നു വിജയ് ഫാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലുമായി നിരവധി പേരാണു താരത്തിനു പിന്തുണയുമായി രംഗത്തുവന്നത്.









