ഡല്‍ഹി: ചരിത്രപരമായ ബോഡോ കരാര്‍ വിജയകരമായി ഒപ്പുവെച്ചതിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. ചരിത്രപരമായ ബോഡോ കരാറില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കരാര്‍ വിജയത്തിന്റെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അസം സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സര്‍ബാനന്ദ സോനോവാള്‍ തയ്യാറെടുപ്പുകളും സുരക്ഷാ ക്രമീകരണങ്ങളും അവലോകനം ചെയ്തു.
അസമിലെയും മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെയും അതിവേഗ വളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാഴ്പ്പോഴും പ്രാധാന്യം നല്‍കുന്നുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വളര്‍ച്ചയാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും മാതൃകാപരമായ സംരംഭങ്ങള്‍ നടത്തുന്നത്. ഈ ബോഡോ കരാറും അതിലൊന്നാണെന്ന് സോനോവാള്‍ പറഞ്ഞു.
ഈ കരാറില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും സോനോവാള്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ബോഡോ കരാര്‍ വിജയകരമായി ഒപ്പുവെച്ചതിന്റെ അടയാളമായിരിക്കും തന്റെ അസം സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് അസം സന്ദര്‍ശിക്കുമെന്നും കൊക്രാജറില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനവും പുരോഗതിയും ഉള്ള ഒരു പുതിയ യുഗത്തിന്റെ തുടക്കമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്നത്തിനാണ് അവസാനമായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post