മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട കമ്മ്യൂണിസ്റ്റ് കവിയെ തന്ത്രപരമായി പൊലീസിൽ ഏൽപ്പിച്ച ഊബർ ടാക്സി ഡ്രൈവർക്ക് അനുമോദനവുമായി ബിജെപി. രോഹിത് ഗൗർ എന്ന ഡ്രൈവറെ മുംബൈയിലെ ബിജെപി നേതാക്കളും പ്രവർത്തകരും നേരിട്ടെത്തി അഭിനന്ദിക്കുകയും ഇദ്ദേഹത്തിന് ‘അലർട്ട് സിറ്റിസൺ‘ എന്ന പുരസ്കാരം നൽകുകയുമായിരുന്നു.
ബുധനാഴ്ചയായിരുന്നു ജയ്പുരില്‍നിന്നുള്ള ബപ്പാദിത്യ സര്‍ക്കാര്‍ എന്ന കവിയെ രോഹിത് ഗൗർ പൊലീസിൽ ഏൽപ്പിച്ചത്. ജുഹുവില്‍നിന്ന് കുര്‍ളയിലേക്ക് രാത്രി 10.30-ന് യാത്ര ചെയ്യുകയായിരുന്നു ബപ്പാദിത്യ. ഇതിനിടയിലാണ് നാട്ടില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളെ കുറിച്ച് ജയ്പുരിലുള്ള സുഹൃത്തുമായി ഇയാൾ ഫോണിൽ അപകടകരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് രോഹിത് ഗൗറിന്റെ ശ്രദ്ധയിൽ പെട്ടത്. ഇതു കേട്ട രോഹിത് വണ്ടി സാന്താക്രൂസ് പോലീസ് സ്റ്റേഷന് സമീപം നിര്‍ത്തിയശേഷം എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചുവരാമെന്ന് പറഞ്ഞ് ഇറങ്ങി, പൊലീസുകാരേയും കൂട്ടി തിരിച്ചെത്തുകയായിരുന്നു.
ബപ്പാദിത്യ കമ്യൂണിസ്റ്റ് ആണെന്നും രാജ്യത്തെ നശിപ്പിക്കുന്ന കാര്യമാണ് ഫോണില്‍ സംസാരിച്ചതെന്നും രാജ്യത്തെ മുഴുവന്‍ ഷഹീന്‍ബാഗാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും രോഹിത് പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. പൗരത്വ നിയമത്തിനെതിരേ നടക്കുന്ന പല സമരങ്ങളിലും പങ്കെടുത്ത വ്യക്തിയാണ് ബപ്പാദിത്യ സര്‍ക്കാരെന്ന് പിന്നീട് വ്യക്തമായി.
Discussion about this post