തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.പി ക്യാമ്പില്‍ നിന്ന് തോക്കുകള്‍ കളവു പോയിട്ടില്ലെന്ന് പൊലീസ്. സി.എ.ജി കണ്ടെത്തലുകള്‍ തെറ്റെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.എ.ജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തി. സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും പൊലീസ് വിശദമാക്കുന്നു. സി.എ.ജി റിപ്പോര്‍ട്ടില്‍ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയ പൊലീസിന്റെ തോക്കുകള്‍ തിരുവനന്തപുരം സിറ്റി പരിധിയില്‍ തന്നെയുണ്ടെന്നാണ് പൊലീസിന്റെ വാദം
തോക്കുകളുടെ കൈമാറ്റം രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് കണക്കില്‍ പെടാതിരുന്നതെന്നും ആംസ് ഡി.വൈ.എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം തോക്കുകളും, വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ നടക്കുന്ന അന്വേഷണം രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കിരി നിര്‍ദ്ദേശം നല്‍കി. കേരള പൊലീസിന്‍റെ തോക്കുകളും തിരകളും നഷ്ട്ടപ്പെട്ടതായുള്ള സി.എ.ജി റിപ്പോര്‍ട്ട് വലിയ വിവാദങ്ങളിലേക്ക് നീങ്ങവേയാണ് പൊലീസിന്റെ ന്യായീകരണം. തോക്കുകള്‍ നഷ്ട്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അന്വേഷണം നടന്നതായാണ് പൊലീസ് വിശദീകരിക്കുന്നത്.
എസ്.എ.പി ക്യാമ്പില്‍ നിന്ന് 25 തോക്കുകളും 12061വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്. തോക്കുകള്‍ എസ്‌എപി ക്യാമ്പില്‍ തന്നെ ഉണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ തോക്കുകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post