ഞായറാഴ്ച നടക്കാൻ പോകുന്ന മൂന്നാം ആം ആദ്മി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ സന്നിഹിതരാവുക ഡൽഹിയുടെ ശിൽപിമാരെന്ന് അരവിന്ദ് കെജ്രിവാൾ വിശേഷിപ്പിച്ച അറുപത് പേർ. വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ ഏറ്റവും താഴെക്കിടയിൽ നിന്നും ഏറ്റവും മുകളിൽ നിന്നുമുള്ള 60 പേരെയാണ് ഡൽഹിയുടെ ശിൽപ്പികളെന്ന് കെജരിവാൾ വിശേഷിപ്പിക്കുന്നത്.
ഡോക്ടർ, അധ്യാപകർ,ശുചീകരണ തൊഴിലാളികൾ, ബസ് കണ്ടക്ടർ,ബസ് ഡ്രൈവർ, ഓട്ടോറിക്ഷ ഡ്രൈവർമാർ,കായികതാരങ്ങൾ,അംഗൻവാടി ജീവനക്കാർ,കർഷകർ, വനിതാ സുരക്ഷയ്ക്കു വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്ന മാർഷൽ എന്നിങ്ങനെ സമൂഹത്തിലെ നാനാതുറകളിലുള്ളവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 പേരെയാണ് അരവിന്ദ് കെജ്‌രിവാൾ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ക്ഷണിച്ചിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയുടെ ഏഴ് എം.പിമാരെയും ക്ഷണിച്ചിട്ടുണ്ടെന്നും ആം ആദ്മി നേതാവ് ഗോപാൽ റായ് വ്യക്തമാക്കി. പ്രധാനമന്ത്രിയെ ക്ഷണിച്ചത് പ്രോട്ടോകോൾ പ്രകാരമാണെന്നും, അന്നേദിവസം തന്നെ വാരണാസിയിൽ നിരവധി പരിപാടികളുള്ള അദ്ദേഹം, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമോയെന്ന് അറിയില്ലെന്നും ഗോപാൽ പറഞ്ഞു.








