ഡല്‍ഹി: ചൈനയിലെ വുഹാനില്‍ അവശേഷിക്കുന്ന ഇന്ത്യക്കാരെ കൂടി തിരികെയെത്തിക്കാൻ നീക്കം. ഇന്ത്യ സി 17 സൈനിക വിമാനം ഫെബ്രുവരി 20ന് വുഹാനിലേക്ക് അയയ്ക്കും. ചൈനയിലേക്കുള്ള മരുന്നുകള്‍ അടക്കമുള്ളവയും ഈ വിമാനത്തില്‍ അയയ്ക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ചൈനയില്‍ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ രണ്ട് വിമാനങ്ങള്‍ അയച്ച് 640 ഇന്ത്യക്കാരെ നേരത്തെ തിരികെയെത്തിച്ചിരുന്നു. ഇതിനു പിന്നാലെ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും ചൈനയിലേക്ക് അയയ്ക്കുമെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചൈനയ്ക്ക് സഹായ വാഗ്ദാനം നല്‍കിയതിനും ആ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനും ഇന്ത്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ചൈനീസ് സ്ഥാനപതി രംഗത്തെത്തിയിരുന്നു.
അതേസമയം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കടന്നു. ചൈനയിലെ ഹ്യുബെയിൽ ഇന്നലെ മാത്രം മരിച്ചത് 132 പേരാണ്.
75,121 പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനിലെ വുചാങ് ആശുപത്രി മേധാവിയായ ഡോക്ടർ ലിയൂ ഷിമിങ്ങും കഴിഞ്ഞ ദിവസം രോഗബാധയെത്തുടർന്ന് മരിച്ചിരുന്നു.
വുഹാനിലെ രോഗബാധിതരെ കണ്ടെത്താൻ വേണ്ടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഓരോ വീട്ടിലും കയറി പരിശോധിക്കുന്നുണ്ട്. രോഗബാധ സ്ഥിരീകരിച്ച അവരുമായി സമ്പർക്കം പുലർത്തിയ ഓരോരുത്തരെയും നിർബന്ധിത പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.
Discussion about this post