കാസർകോട്: ശ്രീകൃഷ്ണനെ കൊലപാതകികളുമായി ബന്ധപ്പെടുത്തിയുള്ള സിപിഎം നേതാവിന്റെ പ്രസംഗം വിവാദത്തിൽ. സിപിഎം കാസർകോട് പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണന്റെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്.
പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം കോൺഗ്രസ്സുകാർ സിപിഎം നേതൃത്വത്തെ കൊലയാളികളായി മുദ്ര കുത്തുകയാണ്. ധർമ്മ സംസ്ഥാപനത്തിനായി അമ്മാവൻ കംസനെ ഉൾപ്പെടെ നിരവധി ആളുകളെ വധിച്ചയാളാണ് ശ്രീകൃഷ്ണൻ. അത് കൊണ്ട് അദ്ദേഹത്തെ ആരെങ്കിലും കൊലയാളി എന്ന് വിളിക്കുന്നുണ്ടോ എന്നായിരുന്നു ബാലകൃഷ്ണൻ ചോദിച്ചത്.
പെരിയ ബസാറിലെ പുനർനിർമ്മിച്ച എ കെ ജി ഭവന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തവെയായിരുന്നു ബാലകൃഷ്ണൻ രാഷ്ട്രീയ കൊലപാതകങ്ങളെ ശ്രീകൃഷ്ണനുമായി ബന്ധപ്പെടുത്തി സംസാരിച്ചത്. പെരിയ ഇരട്ട കൊലപാത കേസിൽ ജാമ്യത്തിലുള്ള പ്രതിയാണ് ബാലകൃഷ്ണൻ. കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ശരത് ലാലിന്റെയും കൃപേഷിന്റെയും പിതാക്കന്മാർക്കെതിരെയും ബാലകൃഷ്ണൻ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിരുന്നു.
ഇരട്ടക്കൊലപാതകം ദാരുണ സംഭവം തന്നെയാണ്. സിപിഎം അതിനെ അംഗീകരിക്കുന്നില്ല. പക്ഷേ അതിലേക്ക് നയിച്ച സംഭവങ്ങൾ മാദ്ധ്യമങ്ങൾ കണ്ടില്ലെന്നും ബാലകൃഷ്ണൻ ന്യായീകരിച്ചു. സിപിഎം നേതാവ് പി ജയരാജനായിരുന്നു പെരിയ ബസാറിലെ പുനർനിർമ്മിച്ച എകെജി ഭവൻ ഉദ്ഘാടനം ചെയ്തത്.











