വിദ്യാഭ്യാസ മേഖലക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഈ വർഷത്തെ ബജറ്റ് പഞ്ചാബ് നിയമസഭയിൽ അവതരിപ്പിച്ചു. പഞ്ചാബ് ധനകാര്യമന്ത്രി മന്ത്രി മൻപ്രീത് സിങ് ബാദലാണ് നിയമസഭയിൽ വെള്ളിയാഴ്ച സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്.
1.54 ലക്ഷം കോടി രൂപയുടെയാണ് ഈ സാമ്പത്തിക വർഷത്തെ പഞ്ചാബ് സംസ്ഥാന ബജറ്റ്. സൗജന്യ വിദ്യാഭ്യാസം, ആറാം ശമ്പള കമ്മീഷൻ, വിരമിക്കൽ പ്രായം കുറയ്ക്കൽ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ഇപ്രാവശ്യം പഞ്ചാബ് സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്നത്.പന്ത്രണ്ടാം ക്ലാസ് വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസമാണ് ഈ വർഷത്തെ പഞ്ചാബ് ബജറ്റിന്റെ പ്രത്യേകതയെന്ന് മൻപ്രീത് സിംഗ് പറഞ്ഞു. സമ്പൂർണ്ണ വിദ്യാഭ്യാസത്തിലൂടെ ക്ഷമതയുള്ള ഒരു തലമുറയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ആറാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമെന്നതും, സർക്കാർ ജീവനക്കാർക്ക് ആറ് ശതമാനം ഡി.എ വർധിപ്പിക്കുമെന്നതും ഇപ്രാവശ്യത്തെ സംസ്ഥാന ബജറ്റിലെ പ്രധാന ആകർഷണങ്ങളാണ്. അതേസമയം, വിരമിക്കാനുള്ള പ്രായം 60 വയസ്സിൽ നിന്നും 58 ആക്കി കുറച്ചത് സർക്കാർ ഉദ്യോഗങ്ങളിൽ കൂടുതൽ യുവജനങ്ങൾക്ക് അവസരം നൽകുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു. സ്വന്തമായി കൃഷിഭൂമിയില്ലാത്ത കർഷകരുടെ ലോണുകൾ എഴുതിത്തള്ളുന്നതിലേക്ക് 2000 കോടി നീക്കിവയ്ക്കുമെന്നും, ഇതിന്റെ പ്രാഥമിക ഘട്ടമായി 520 കോടി വകയിരുത്തിയിട്ടുണ്ട് എന്നും മൻപ്രീത് സിംഗ് കൂട്ടിച്ചേർത്തു.












Discussion about this post