ജമ്മു കശ്മീരിലെ സാംബ, പൂഞ്ച് ജില്ലകളിൽ വീണ്ടും പാക് ഡ്രോണുകളുടെ കടന്നുകയറ്റം. സാംബയിലെ രാംഗഡ് സെക്ടറിലുള്ള കേസൊ മഹാൻസാൻ ഗ്രാമത്തിന് സമീപമാണ് ആദ്യം ഡ്രോൺ കണ്ടെത്തിയത്. തൊട്ടുപിന്നാലെ വൈകിട്ട് 7:30-ഓടെ പൂഞ്ചിലെ ദേഗ്‌വാർ ഗ്രാമത്തിന് മുകളിലും സംശയാസ്പദമായ പറക്കും വസ്തു ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇന്ത്യൻ സൈന്യം ഡ്രോണുകൾക്ക് നേരെ വെടിയുതിർക്കുകയും പ്രതിരോധ നടപടികൾ ശക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ താഴ്‌വരയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ ഡ്രോൺ കടന്നുകയറ്റമാണിത്. പൂഞ്ചിൽ ഡ്രോൺ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സൈനികർ വെടിയുതിർത്തു. ഇതോടെ ഡ്രോണുകൾ പാക് അധീന കശ്മീരിലേക്ക് (PoK) തിരിച്ചുപോയതായാണ് വിവരം.രാംഗഡ് സെക്ടറിൽ ഡ്രോൺ സാന്നിധ്യം ഉണ്ടായതോടെ പ്രദേശം പൂർണ്ണമായും സുരക്ഷാ സേനയുടെ വളയത്തിലാണ്. ഡ്രോണുകൾ വഴി ആയുധങ്ങളോ മയക്കുമരുന്നോ താഴേക്ക് ഇട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പുലർച്ചെ മുതൽ അതിർത്തി ഗ്രാമങ്ങളിൽ വൻ തിരച്ചിൽ ആരംഭിച്ചു.
അതിർത്തിയിൽ നേരിട്ടുള്ള ഏറ്റുമുട്ടലിൽ പരാജയപ്പെട്ട പാകിസ്താൻ ഇപ്പോൾ ഡ്രോണുകൾ ഉപയോഗിച്ച് ഭീകരർക്ക് ആയുധങ്ങൾ എത്തിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സാംബയിലെ പാലൂറ ഗ്രാമത്തിൽ ഡ്രോൺ വഴി നിക്ഷേപിച്ച രണ്ട് പിസ്റ്റളുകൾ, ഗ്രനേഡുകൾ, തിരകൾ എന്നിവ സുരക്ഷാ സേന പിടികൂടിയിരുന്നു. ഡ്രോൺ വഴിയുള്ള പ്രകോപനം അംഗീകരിക്കാനാവില്ലെന്നും ഇത് നിർത്തണമെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി.
അതിർത്തി ഗ്രാമങ്ങളിൽ ജനങ്ങൾക്കും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ ഒത്താശയോടെ നടക്കുന്ന ഈ നീക്കങ്ങളെ രാജ്യം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.












Discussion about this post