ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല ബിജെപി നേതാവ് കെ.എസ് രാധാകൃഷ്ണൻ.പൂജ മുതലായ ക്രിയകൾ ചെയ്യുന്നവർ ഊരാണ്മക്കാരാണ്. ഊരാണ്മക്കാർ കാരായ്മക്കാരിൽ നിന്നും പ്രതിഫലം പറ്റി ജോലി ചെയ്യുന്നവരാണ്. ചിലപ്പോൾ അതിനെ ദക്ഷിണ എന്നും പറയാറുണ്ട്. തന്ത്രിയും ശാന്തിയും ഊരാണ്മക്കാരാണ്. അവർക്ക് ക്ഷേത്രത്തിൻ്റെ വസ്തുവഹകളിൽ ഉടമസ്ഥാവകാശമില്ല. അതുകൊണ്ട്, ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ലെന്നാണ് രാധാകൃഷ്ണൻ തൻറെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;
ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല; വാജിവാഹനം തന്ത്രിക്ക് ദാനം ചെയ്ത ബോർഡിൻ്റെ തീരുമാനം കുറ്റകരമായ വീഴ്ചയാണ്; ശബരിമലയിൽ സി ബി ഐ അന്വേഷണം വേണം.തന്ത്ര സമുച്ചയം അനുസരിച്ചാണ് വാജിവാഹനം തന്ത്രിക്ക് സമർപ്പിച്ചത് എന്നാണ് ആദ്യം കേട്ടത്. ചേന്നാസ് നാരായണൻ നമ്പൂതിരിയാണ് 1427-28 കാലത്ത് തന്ത്ര സമുച്ചയം എഴുതിയത്. ക്ഷേത്ര നിർമ്മാണം, മൂർത്തിയുടെ പ്രതിഷ്ഠാപനം, പരിഹാരക്രിയകൾ എന്നിവുമായി ബന്ധപ്പെട്ട അനുഷ്ഠാന ക്രിയകളാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം. അതിലൊരിടത്തും ക്ഷേത്രത്തിലെ വസ്തുവഹകളുടെ ഉടമസ്ഥാവകാശം തന്ത്രികൾക്ക് ഉണ്ട് എന്ന് പറഞ്ഞിട്ടില്ല. ക്ഷേത്രത്തിലെ വസ്തുവഹകളുടെ ഉടമസ്ഥാവകാശം ക്ഷേത്രത്തിൻ്റെ ഉടമകൾക്കാണ്. അവരെയാണ് കാരായ്മക്കാർ എന്നു വിശേഷിപ്പിക്കുന്നത്.
പൂജ മുതലായ ക്രിയകൾ ചെയ്യുന്നവർ ഊരാണ്മക്കാരാണ്. ഊരാണ്മക്കാർ കാരായ്മക്കാരിൽ നിന്നും പ്രതിഫലം പറ്റി ജോലി ചെയ്യുന്നവരാണ്. ചിലപ്പോൾ അതിനെ ദക്ഷിണ എന്നും പറയാറുണ്ട്. തന്ത്രിയും ശാന്തിയും ഊരാണ്മക്കാരാണ്. അവർക്ക് ക്ഷേത്രത്തിൻ്റെ വസ്തുവഹകളിൽ ഉടമസ്ഥാവകാശമില്ല. അതുകൊണ്ട്, ശബരിമലയിലെ വാജിവാഹനത്തിൻ്റെ അവകാശി തന്ത്രി കണ്ഠരര് രാജീവരാണെന്ന വാദം ശരിയല്ല.
ഇക്കാര്യം നന്നായി നിശ്ചയമുള്ള ഒരാൾ തന്ത്രിയാണ്. കൊടിമരം പൊളിക്കാൻ തീരുമാനിച്ചത് 2017 ഫെബ്രുവരിയിലാണ്. 2014, 2015, 2016 കൊടിമരം ജീർണ്ണിച്ചതായുള്ള പ്രചാരണം നടന്നിരുന്നു. ഒടുവിൽ 2017 ഫെബ്രുവരി19ന് നിലവിലുണ്ടായിരുന്ന കൊടിമരം പൊളിച്ചു. പൊളിക്കാനുള്ള ക്രിയ നിർവഹിച്ചത് തന്ത്രി രാജീവരാണ്. സ്വർണ്ണ കൊടിമരമായിരുന്നു ശബരിമലയിൽ ഉണ്ടായിരുന്നത്. ആ കൊടിമരം ചിതലെടുത്തത് കൊണ്ട് ജീർണ്ണിച്ചു എന്ന വാദം ശരിയാണെന്ന് ദേവപ്രശ്നത്തിലും കണ്ടെത്തി. കൊടിമരത്തിൻ്റെ ജീർണ്ണതയെ കുറിച്ച് ആദ്യം സംശയം തോന്നിയതും തന്ത്രിക്കായിരുന്നു. തന്ത്രിയുടെ തോന്നൽ ദേവപ്രശ്നത്തിൽ തെളിഞ്ഞു.
എന്നാൽ ഇവർ ചിതലെടുത്തു എന്നു പറഞ്ഞ കൊടിമര ഭാഗം കോൺക്രീറ്റിൽ തീർത്തതായിരുന്നു എന്നത് പൊളിച്ചു കഴിഞ്ഞപ്പോഴാണ് ബോധ്യമായത്. അക്കാര്യം ദേവപ്രശ്നത്തിലും കണ്ടെത്തിയില്ല.കോക്രീറ്റ് ചിതലെടുക്കുന്നു എന്നു കണ്ടെത്തിയതിൻ്റെ മഹത്വവും തന്ത്രിക്കും പരിവാരങ്ങൾക്കും അവകാശപ്പെട്ടതാണ്. കൊടിമര സ്ഥാപനത്തിൻ്റെ മേൽനോട്ടം വഹിക്കാൻ ഹൈക്കോടതി ഒരു വക്കീൽ കമ്മീഷനേയും നിയമിച്ചു. അവരെല്ലാവരും ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ പുതിയ കൊടിമര സ്ഥാപനത്തിൻ്റെ ചെലവ് വഹിക്കാൻ ഒരു സ്പോൺസറെയും കണ്ടെത്തി. ചെലവ് വഹിച്ചത് സ്പോൺസറായതുകൊണ്ട് ഓഡിറ്റും ഒഴിവായി കിട്ടി. എല്ലാം ശുഭകരമായി തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ?
തന്ത്രവിധി അനുസരിച്ച് പഴയ കൊടിമരം ജഡമായി മാറുന്നതുകൊണ്ട് അത് സംസ്കരിക്കണം എന്നാണ്
വ്യവസ്ഥ. മരമാണെങ്കിൽ ചിതയൊരുക്കി ദഹിപ്പിക്കണം. ലോഹമാണെങ്കിൽ ഉരുക്കണം. കോൺക്രീറ്റാണെങ്കിൽ പൊടിച്ചു കളയണം. കൊടിമരം മൊത്തം ജഡമായി മാറുമ്പോൾ കൊടിമരം പൊതിയുന്ന പറകളും കൊടിമരത്തിൻ്റെ മുകളിൽ സ്ഥിതിചെയ്യുന്ന വാജിവാഹനവും കൊടിമരത്തിൻ്റെ അടിത്തറയിൽ കാവൽ നിൽക്കുന്ന അഷ്ടദിക്പാലക വിഗ്രഹങ്ങളും ചൈതന്യം നശിച്ച് ജഡമായി മാറും. സ്വാഭാവികമായും ഈ വസ്തുവഹകൾ ദേവസ്വം ബോർഡിൻ്റെ സ്റ്റോക്ക് രജിസ്റ്ററിൽ ചട്ടം അനുശാസിക്കും വിധം രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം. വാജിവാഹനം ദേവസ്വം മുതലായത് കൊണ്ട് അത് ആർക്കെങ്കിലും ദാനം ചെയ്യാൻ ദേവസ്വം ബോർഡിനും അനർഹമായ വസ്തു ദാനമായി സ്വീകരിക്കാൻ തന്ത്രിക്കും അവകാശമില്ല. അതുകൊണ്ട് വാജിവാഹനം തന്ത്രിക്ക് ദാനം ചെയ്ത ബോർഡിൻ്റെ തീരുമാനം കുറ്റകരമായ വീഴ്ചയാണ്. ദേവസ്വത്തിൻ്റെ സ്വത്ത് കവർന്നെടുത്തു ഇഷ്ടക്കാർക്ക് കൊടുത്തതിന് അവർക്ക് നടപടികൾ നേരിടേണ്ടിവരും. അനർഹമായ മുതൽ ദാനമായി സ്വീകരിക്കുന്നത് മോഷണമാണ്. വേദം പഠിച്ചു എന്ന് അവകാശപ്പെടുന്ന തന്ത്രി അത് അറിയേണ്ടതാണ്. ഇല്ലാത്ത അവകാശം ഉണ്ടെന്നു വരുത്തി വാജി വാഹനം കൈവശപ്പെടുത്തി സൂക്ഷിച്ച തന്ത്രി അതിന് സമാധാനം പറയേണ്ടി വരും. ദേവസ്വം സ്ട്രോംഗ് റൂമിൽ സൂക്ഷിക്കേണ്ട വാജിവാഹനം അനർഹമായ സ്ഥലത്ത് ഇരുന്നതുകൊണ്ടാണ് കളവുമുതൽ കണ്ടെടുക്കുന്നത് പോലെ അത് കണ്ടുകെട്ടി കോടതിയിൽ എസ്ഐടി ഹാജരാക്കിയത്.
ഇത്രയേറെ വസ്തുവഹകൾ സ്വന്തമായി ഉണ്ടായിട്ടും കുറ്റമറ്റ രീതിയിൽ സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കുന്ന സമ്പ്രദായം ശബരിമലയിൽ ഇല്ല എന്നാണ് അറിയുന്നത്. കുറ്റമറ്റ രീതിയിൽ സ്റ്റോക്ക് രജിസ്റ്റർ ഇല്ലാത്തത് വസ്തുവഹകൾ അടിച്ചു മാറ്റാൻ ശ്രമിക്കുന്നവർക്ക് സൗകര്യപ്രദമായിരിക്കും. കൊടിമരത്തിൻ്റെ പറകളും അഷ്ടദിക്പാലക വിഗ്രഹങ്ങളും അനുബന്ധ വസ്തുവഹകളും സ്ട്രോംഗ് റൂമിൽ ഇല്ല എന്നാണ് കേൾക്കുന്നത്. അവയെല്ലാം നാടുകടത്തപ്പെട്ടു എന്നും കേൾക്കുന്നു. അതും അന്വേഷിക്കുക തന്നെ വേണം.
അക്കാര്യങ്ങൾ എല്ലാം അന്വേഷിക്കാൻ എസ് ഐ ടിക് കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് സി ബി ഐ അന്വേഷണം അനിവാര്യമാണ്.













Discussion about this post