അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ കൂടുതൽ കടുക്കുന്നതിനിടെ, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ വിസ വിലക്കിൽ പുതിയ വിശദീകരണങ്ങളുമായി പാകിസ്താൻ. പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇമിഗ്രന്റ് വിസ നൽകുന്നത് നിർത്തിവെച്ച അമേരിക്കൻ നടപടിയെ ഒരു ‘ആഭ്യന്തര നയപരിഷ്കാരം’ മാത്രമായാണ് കാണുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വൈകാതെ തന്നെ വിസ നടപടികൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പാകിസ്താൻ വ്യക്തമാക്കി.
പാകിസ്താൻ ഉൾപ്പെടെയുള്ള 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇമിഗ്രന്റ് വിസ (സ്ഥിരതാമസത്തിനുള്ള വിസ) നൽകുന്നത് അമേരിക്ക അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതോടെ ആയിരക്കണക്കിന് അപേക്ഷകരാണ് ആശങ്കയിലായിരിക്കുന്നത്. എന്നാൽ, ഇത് അമേരിക്കയുടെ കുടിയേറ്റ നയങ്ങൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടി മാത്രമാണെന്ന് പാക് വിദേശകാര്യ വക്താവ് താഹിർ അന്ദ്രാബി പറഞ്ഞു.”വിസ നടപടികൾ നിർത്തിവെച്ചതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞങ്ങൾ അമേരിക്കൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഇത് അമേരിക്കയുടെ ആഭ്യന്തര പ്രക്രിയയാണെന്നാണ് മനസ്സിലാക്കുന്നത്. വൈകാതെ തന്നെ സാധാരണ നിലയിൽ വിസ നടപടികൾ പുനരാരംഭിക്കുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു,” താഹിർ അന്ദ്രാബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയന്ത്രണം പ്രകാരം, പാകിസ്താൻ, ബംഗ്ലാദേശ്, റഷ്യ, ഇറാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ തുടങ്ങി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഗ്രീൻ കാർഡിനായുള്ള അപേക്ഷകൾ ഇനി പരിഗണിക്കില്ല.അമേരിക്കയുടെ സൗജന്യ ക്ഷേമപദ്ധതികൾ അമിതമായി ഉപയോഗിക്കുന്നവരും രാജ്യത്തിന്റെ സമ്പത്ത് ഊറ്റിയെടുക്കുന്നവരുമായ കുടിയേറ്റക്കാരെ തടയുക എന്നതാണ് ലക്ഷ്യം.സ്ഥിരതാമസത്തിന് എത്തുന്നവർക്ക് മാത്രമാണ് ഈ നിയന്ത്രണം. ടൂറിസ്റ്റ്, ബിസിനസ്, സ്റ്റുഡന്റ് വിസകൾക്ക് നിലവിൽ തടസ്സമില്ല.
ഈ കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് ഭാരതത്തെ ട്രംപ് ഭരണകൂടം ഒഴിവാക്കിയത് വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.അതേസമയം, പാക് സൈനിക മേധാവി അസിം മുനീർ അടുത്തിടെ ഡൊണാൾഡ് ട്രംപിനെ കണ്ട് ചർച്ചകൾ നടത്തിയിട്ടും വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തിയത് പാകിസ്താന് വൻ തിരിച്ചടിയായി. ഭീകരവാദം സ്പോൺസർ ചെയ്യുന്നതും കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്നതും പാകിസ്താന് മേലുള്ള അമേരിക്കയുടെ വിശ്വാസം കുറച്ചതായാണ് വിലയിരുത്തുന്നത്.












Discussion about this post