വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ ജയിലിൽ കിടക്കുന്ന യു.പിയിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ അസം ഖാനോട് പക പോക്കരുതെന്ന് സർക്കാറിനോട് സമാജ്‌വാദി പാർട്ടി.”ഭൂമാഫിയക്കാരൻ , കള്ളൻ, എന്ന വിശേഷണങ്ങളടക്കം അദ്ദേഹത്തിന് മേൽ ചാർത്തപ്പെട്ടുവെന്ന് ആരോപിച്ച സമാജ് വാദി പാർട്ടി നേതാക്കൾ,ഖാൻ നിരപരാധിത്വം തെളിയിച്ചു പുറത്തു വരുമെന്നാണ് പറയുന്നത്.യോഗിയുടെ രാഷ്ട്രീയ കുടിപ്പകയാണിതെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി നരേഷ് ഉത്തം പറഞ്ഞത്.
എന്നാൽ, ഉപ്പു തിന്നവനൊക്കെ വെള്ളം കുടിക്കും,സകല രോഗാണുക്കളെയും മാലിന്യമടക്കം തൂത്തു വെളിയിൽ കളയുമെന്നായിരുന്നു നിയമസഭയിൽ യോഗിയുടെ കടുത്ത പ്രതികരണം.അതിനുള്ള ക്യാംപെയിനാണ് ഇപ്പോൾ നടക്കുന്നതെന്നും യോഗി ആദിത്യനാഥ് പ്രസ്താവിച്ചു.ഒളിവിൽ പോയതിനു ശേഷം,കോടതിയിൽ കീഴടങ്ങിയ അസം ഖാനും കുടുംബത്തിനുമെതിരെ 86 കേസുകളാണ് യോഗി സർക്കാർ ചുമത്തിയിരിക്കുന്നത്.അതില് 57 കേസുകളിൽ കീഴടങ്ങാനുള്ള അപേക്ഷ നൽകിയ ഖാൻ കുടുംബത്തിന് ,ആകെ 3 കേസുകളിൽ മാത്രമാണ് ജാമ്യം കിട്ടിയിരിക്കുന്നത്.








