കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രിമാരുടെയും മുതിര്‍ന്ന സിപിഎം നേതാക്കളുടെയും പേരു പറഞ്ഞ് ജോലിയും കരാറുകളും വാഗ്ദാനം ചെയ്ത് എട്ട് ജില്ലകളില്‍ നിന്നായി തട്ടിയതു 100 കോടി രൂപ എന്നു സൂചന. ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയതു മുതല്‍ കാറ്ററിങ് കരാര്‍ നല്‍കാമെന്ന പേരില്‍ കോടികളുടെ ഇടപാട് ഉറപ്പിച്ച സംഭവം വരെയുണ്ട്. ജോലി വാഗ്ദാനം ചെയ്തവരോട് 10,000 രൂപ മുതലാണ് ആവശ്യപ്പെട്ടത്. ഉയര്‍ന്ന പോസ്റ്റിലുള്ള ജോലിക്കായി 5 മുതല്‍ 12 ലക്ഷം രൂപ വരെ പലരും കൈമാറിയിട്ടുമുണ്ട്. കാറ്ററിങ് കരാറിന്റെ പേരില്‍ രണ്ടര കോടിയോളം രൂപയുടെ ഇടപാട് ഉറപ്പിച്ചിരുന്നതായും സൂചനയുണ്ട്.
രജിസ്ട്രേഷന് ഫീസ്, യൂണിഫോം ഫീസ്, ഷൂ വാങ്ങാനുള്ള തുക, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഫീസ് എന്നിങ്ങനെ പലഘട്ടങ്ങളിലായി പതിനായിരക്കണക്കിനു രൂപ ഓരോ ഉദ്യോഗാര്‍ഥിയില്‍ നിന്നും ഈടാക്കും. ചിലരോട് ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടുവെന്നും ചെറിയ കോഴ്സ് ചെയ്താല്‍ എല്ലാം ശരിയാവുമെന്നും നിര്‍ദേശിച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ചെയ്യിപ്പിച്ച സംഭവങ്ങളുമുണ്ട്.
രാഷ്ട്രീയവും വ്യക്തിബന്ധങ്ങളും മറയാക്കി മാത്രമല്ല തട്ടിപ്പുകള്‍ നടന്നതെന്നും വ്യക്തമായി. വിമാനത്താവള കമ്പനികള്‍, എയര്‍പോര്‍ട്ട് അതോറിറ്റി, എയര്‍ലൈന്‍ കമ്പനികള്‍, ഗ്രൗണ്ട് ഹാന്ഡ്ലിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പേരിലുള്ള വ്യാജ കത്തുകളും തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ട്.
വ്യോമയാന രംഗത്തെ പ്രശസ്ത സ്ഥാപനങ്ങളുടെ പേരിനോടു സാദൃശ്യമുള്ള പേരില്‍ വ്യാജ വെബ്സൈറ്റുകള്‍ തയ്യാറാക്കിയും തൊഴില്‍ വെബ്സൈറ്റുകളില്‍ പരസ്യം നല്‍കിയുമാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചത്.
കാടാച്ചിറ മാളികപ്പറമ്പിലെ മുന്‍ സിപിഎം. പ്രവര്ത്തകന് രാജേഷിനെതിരേയും വിമാനത്താവളത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് കേസുണ്ട്. പരാതികളെത്തുടര്‍ന്ന് രാജേഷിനെ സിപിഎമ്മില്‍നിന്ന് പുറത്താക്കി. വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികളെത്തിയ സാഹചര്യത്തില്‍ കേന്ദ്രീകൃത അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
നേരത്തെ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ മുസ്ലിം ലീഗ് പഞ്ചായത്തംഗവും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റിലായിരുന്നു. വ്യവസായ മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ചെറുവത്തൂര്‍ പഞ്ചായത്തിലെ മുസ്ലിം ലീഗ് അംഗവും തൃക്കരിപ്പൂര്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ അനൂപ്, കോണ്‍ഗ്രസ് ചെറുവത്തൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായ വി.വി ചന്ദ്രന്, യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രിയദര്ശന് എന്നിവരാണ് അറസ്റ്റിലായത്.
Discussion about this post