ഡല്‍ഹി: ഡല്‍ഹി കലാപത്തെപ്പറ്റി പാര്‍ലമെന്റ് ഈമാസം 11 ന് ചര്‍ച്ച നടത്തും. കലാപത്തെപ്പറ്റി പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഹോളിക്കുശേഷം ചര്‍ച്ചയാകാം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചര്‍ച്ചയ്ക്കുള്ള സമയം ഇതല്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യക്തമാക്കിയിരുന്നു.
ചർച്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കും. സഭാ നടപടികള്‍ തടസപ്പെടുത്താതെ പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ചര്‍ച്ച നടത്തണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ എത്തിയിരിക്കുന്നു. അതിനാല്‍ ചര്‍ച്ച ചെയ്യുന്നതില്‍ സര്‍ക്കാരിന് പ്രശ്നമൊന്നുമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ കലാപം നാലു ദിവസം നീണ്ടു നിന്നിരുന്നു. 50-ലേറെപ്പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വീടുകളും കടകളും തകര്‍ക്കുകയും തീവെക്കുകയും ചെയ്തിരുന്നു. സ്കൂളുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കലാപത്തെപ്പറ്റി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും നോട്ടീസ് നല്‍കിയിരുന്നു.
Discussion about this post